ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യം വന്നാൽ 3220 പേരെ മാറ്റി പാർപ്പിക്കേണ്ടി വരും. പീരുമേട് താലൂക്കിലെ ഏലപ്പാറ, ഉപ്പുതറ, പെരിയാർ, മഞ്ചുമല എന്നിവിടങ്ങളിൽ നിന്നും ഇടുക്കി താലൂക്കിലെ അയ്യപ്പൻ കോവിൽ, കാഞ്ചിയാർ വില്ലേജുകൾ, ഉടുമ്പഞ്ചോല താലൂക്കിലെ ആനവിലാസം എന്നീ വില്ലേജുകളിൽ നിന്നുമുള്ളവരെയാണ് മാറ്റി പാർപ്പിക്കുക.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138നോട് അടുക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഇന്നലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കേണ്ടവർക്കായുള്ള കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പെരിയാറിലൂടെ ജലത്തിന് സുഗമമായി ഒഴുകാനുള്ള തടസങ്ങൾ നീക്കും. ജില്ലാതലത്തിലും താലൂക്ക്, വില്ലേജ്, തലങ്ങളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ സ്‌പെഷ്യൽ ആഫീസർമാരായി രണ്ട് ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാർ, ഉപ്പുതറ കേന്ദ്രികരിച്ചാണ് ഇവർ ക്യാമ്പ് ചെയ്യുന്നത്. ഫയർ ഫോഴ്‌സിന്റെ നാല് ടീം സജ്ജമാണ്. എല്ലാ ടീമിലും ആവശ്യത്തിനുള്ള ജീവനക്കാരുണ്ട്. വനംവകുപ്പിന്റെ രണ്ട് കണ്ട്രോൾ റൂം വണ്ടിപെരിയാറിലും വള്ളക്കടവിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും പ്രശ്‌നസാധ്യത പ്രാദേശങ്ങളിലുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ കെ.എസ്.ഇ.ബിയുടെ താത്കാലിക സംവിധാനം തയ്യാറാണ്. ആളുകളെ മാറ്റാൻ ആവശ്യമായ വാഹനങ്ങൾ ഒരുക്കി. പെരിയാർ തീരത്തെ കൂടുതൽ വില്ലേജ് ആഫീസുകളിൽ കൺട്രോൾ റൂം തുറക്കും. ഷട്ടർ തുക്കുന്നതിന് 24 മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന് തമിഴ്‌നാടിനോട് ആവിശ്യപ്പെട്ടതായും കളക്ടർ പറഞ്ഞു.