ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങുന്നു. വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറവാണ്. 2496 ഘനയടിയായി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. 2200 ഘനയടി ജലം തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്.
ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാൻ എത്തിയ ഡീൻ കുര്യാക്കോസ് എം.പിയെ കേരള പൊലീസ് തടഞ്ഞു. സന്ദർശനത്തിന് തമിഴ്നാട് അനുമതി നൽകിയിരുന്നതായി ഡീൻ പറഞ്ഞു. അതേ സമയം പ്രത്യേക സുരക്ഷാ മേഖലയായതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് പൊലീസ് വിശദീകരണം.
തമിഴ്നാടിന്റെ പിന്തുണ തേടി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയിലെത്തിയ സാഹചര്യത്തിൽ തമിഴ്നാടിന്റെ പിന്തുണ തേടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കത്തയച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെയും ഇടപെടൽ.
ഡാമിന്റെ സുരക്ഷയിലും ജലനിരപ്പ് ഉയരുന്നതിലും സംസ്ഥാനത്തെ ജനങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. ജലം തമിഴ്നാടിനും സുരക്ഷ കേരളത്തിനുമെന്നതാണ് നിലപാട്. അതിന് പുതിയ ഡാം നിർമ്മിക്കുകയാണ് നല്ലത്. ഇക്കാര്യത്തിൽ തമിഴ്നാട് സർക്കാർ പൂർണപിന്തുണ നൽകണം. മുല്ലപ്പെരിയാർ പ്രശ്നത്തിൽ ശാശ്വതവും സുരക്ഷിതവുമായ പരിഹാരമുണ്ടാക്കണമെന്നും വി.ഡി. സതീശൻ കത്തിൽ ആവശ്യപ്പെട്ടു.