തൊടുപുഴ: ഇടുക്കി-വണ്ണപ്പുറം റോഡിൽ 40 ഏക്കർ വളവിൽ സ്ഥിരമായി വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ഒരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ അടിയന്തിരമായി റോഡിന്റെ ഈ ഭാഗത്തെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി പൊതുമരാമത്ത് മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി. ഈ വളവിന് താഴെ താമസിക്കുന്ന പി.കെ രാഘവൻ എന്നയാളുടെ വീട്ടിലേക്ക് 9 പ്രാവശ്യം വാഹനങ്ങൾ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയുണ്ടായി. റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കണം എന്നാവശ്യപ്പെട്ട് പരാതിയുമായി മുഖ്യമന്ത്രിക്കും ജില്ലാ കള്കടർക്കും പി.ഡബ്ലിയു.ഡി.ക്കും 2 വർഷമായി പരാതിയുമായി സമീപിച്ചിട്ടും നടപടി ഉണ്ടാകാതെവന്നതിനാൽ പ്രാണരക്ഷാർത്ഥം അദ്ദേഹം കുടുംബസമേതം വീട് ഉപേക്ഷിച്ച് വാടകയ്ക്ക് താമസിക്കുകയാണ്. പ്രദേശത്ത് ഇനിയൊരപകടം ഉണ്ടാകാതിരിക്കുന്നതിനും പ്രദേശത്തെ ആളുകളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും അടിയന്തിരമായി റോഡ് സൈഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിനും അതോടൊപ്പം ഈ റോഡിന്റെ ഈ ഭാഗത്ത് അലൈൻമെന്റ് മാറ്റി പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ടാണ് എം.പി. കത്ത് നൽകിയത്.