തൊടുപുഴ : മഴ പെയ്താൽ തൊടുപുഴ പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ നഗരസഭ നടപടി ആരംഭിച്ചു. ഭീമ ജംഗ്ഷനിൽ ഓടയ്ക്ക് വീതികൂട്ടാനായി തടസം സൃഷ്ടിച്ചു നിന്ന കെട്ട് പൊളിച്ചു നീക്കി. നഗരസഭ ചെയർമാൻ സനീഷ് ജോർജിന്റെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തിയ ശേഷമായിരുന്നു നടപടി. വീതിയും താഴ്ചയും കൂട്ടുന്നതിനായി തടസമുള്ള നിർമാണങ്ങൾ മാറ്റാൻ നോട്ടീസ് നൽകി. ഓടയുടെ അടിയിൽ ഒഴുക്കിന് തടസം നിൽക്കുന്ന കേബിളുകളും പൈപ്പുകളും കണ്ടെത്തി. ഇത് മാറ്റാൻ വകുപ്പുകൾക്ക് നിർദേശം നൽകി. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ കലുങ്കുകളും ഓടകളും ഉണ്ടെങ്കിലും പുഴയിലേയ്ക്കുള്ള ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണെന്ന് സംഘം കണ്ടെത്തി. ഇത് മൂലം റോഡിൽ വെള്ളം കുമിഞ്ഞുകൂടുകയും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുകയുമാണ്. ഇതിന് പരിഹാരം കാണണമെങ്കിൽ പുഴയിലേയ്ക്കുള്ള ഓടകളുടെ വീതി കൂട്ടണം. വരും ദിവസങ്ങളിലും ഇത് സംബന്ധിച്ച നടപടികൾ തുടരുമെന്ന് ചെയർമാൻ അറിയിച്ചു. കാരിക്കോട്ട്- മങ്ങാട്ടുകവല ജംഗ്ഷനിലും സംഘം പരിശോധന നടത്തി. പൊതുമരാമത്ത്, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും തഹസിൽദാരും റീസർവേ ഉദ്യോഗസ്ഥരും സംയുക്ത പരിശോധനയിൽ പങ്കെടുത്തു.