ഇടുക്കി: ജില്ലയിലെ അസംഘടിത തൊഴിലാളികളുടെ എണ്ണം കണക്കാക്കുന്നതിനും അവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യംവെച്ച് രജിസ്‌ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട മറ്റു വകുപ്പുകളെ കൂടി പങ്കെടുപ്പിച്ച് പഞ്ചായത്തുതലത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് രജിസ്‌ട്രേഷനിൽ പങ്കാളികളാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. 16 മുതൽ 59 വരെ പ്രായമുള്ള അസംഘടിത തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാം. സ്വയംതൊഴിൽ കണ്ടെത്തിയിട്ടുള്ളവർക്കും പങ്കെടുക്കാം. ഒരു വീട്ടിൽ നാല് പേർ ഉണ്ടെങ്കിൽ നാലുപേർക്കും വെവ്വേറെ രജിസ്റ്റർ ചെയ്യാം. അക്ഷയ, പോസ്റ്റ് ഇന്ത്യ ബാങ്ക് തുടങ്ങിയവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ രജിസ്‌ട്രേഷനു സഹായിക്കും. രജിസ്റ്റർ ചെയ്യുന്നവർക്കു പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയിലൂടെ രണ്ടുലക്ഷം രൂപയുടെ ജനറൽ ഇൻഷുറൻസിനും ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസിനും അവസരം ലഭിക്കും. ഇതിന്റെ വാർഷിക പ്രീമിയം 12 രൂപ മാത്രമാണ്. ഗ്രാമ പഞ്ചായത്ത് തലത്തിൽ നടക്കുന്ന ക്യാമ്പുകളിലെ തിയതി പിന്നീട് അറിയിക്കും.