കട്ടപ്പന: നഗരസഭ മുൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ചുമതലക്കാരനുമായ കൽത്തൊട്ടി കടുപ്പിൽ വിനീഷ് ജേക്കബിനെ നഗരസഭാ സെക്രട്ടറി മർദ്ദിച്ചതായി പരാതി. ബിനീഷ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. എന്നാൽ ജനുവരി 15ലെ കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരം കട്ടപ്പന നഗരസഭയുടെ പുളിയന്മലയിലെ സ്ലോട്ടർ ഹൗസ് സെക്യൂരിറ്റി താൽകാലിക ജീവനക്കാരനായാണ് വിനീഷ് ജേക്കബിനെ നിയമിച്ചതെന്നും ഇയാൾ നഗരസഭാ ഓഫീസിൽ അനധികൃതമായി ജോലി ചെയ്തു വരുകയായിരുന്നെന്നും സെക്രട്ടറി എസ്.ജയകുമാർ പറഞ്ഞു. ഇത് സംബന്ധിച്ച് കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്നലെയും ഇയാൾ ഓഫീസിൽ പ്രവേശിച്ച് അനധികൃതമായി ജോലി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഓഫിൽ നിന്ന് ഇറക്കി വിടുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും മർദിച്ചുവെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു. നഗരസഭയിലെ മുഴുവൻ ജീവനക്കാരും സംഭവത്തിന് ദൃക്‌സാക്ഷികളാണ്. കൂടാതെ നഗരസഭയിലെ സി സി ടി വി ക്യാമറകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും സെക്രട്ടറി പറഞ്ഞു. എന്നാൽ യാതൊരു പ്രകോപനവുമില്ലാതെയാണ് സെക്രട്ടറി തന്നെ മർദ്ദിച്ചതെന്നും നഗരസഭയിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താൻ ജോലി ചെയ്യുന്നതെന്നും കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്നും വിനീഷ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 22 ന് മൂന്നുപേരുടെ ജോലി കൗൺസിൽ പുതുക്കി നൽകിയിരുന്നതായും വിനീഷ് പറഞ്ഞു.