കരിമണ്ണൂർ: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗങ്ങൾ, ആരോഗ്യ പോലീസ് വകുപ്പുകളിലെ പ്രതിനിധികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരെ ചേർത്ത് രൂപീകരിച്ചിരിക്കുന്ന സമിതി കൊവിഡ് തടയുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ, പ്രോട്ടോകോൾ എന്നിവ പാലിക്കുന്നതിനായി പ്രവർത്തിക്കും. ആരോഗ്യ സംരക്ഷണ സമിതി രൂപീകരണ യോഗം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പിടിഎ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൺ ആക്കക്കാട്ട്, വാർഡ് മെമ്പർ ആൻസി സിറിയക്, ബ്ലോക്ക് മെമ്പർ ആൻസി സോജൻ, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, പി.ടി.എ വൈസ് പ്രസിഡന്റ് പി കെ മധുസൂദനൻ, കരിമണ്ണൂർ എഫ്എച്ച്‌സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ലാസ് എം. ലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ. കെ. ടിജി, ആരോഗ്യ സംരക്ഷണ സമിതി നോഡൽ ഓഫീസർ ബിജു ജോസഫ് എന്നിവർ സംസാരിച്ചു.