ഇടുക്കി: ദേശീയ വിവരശേഖരണത്തിന്റെ ഭാഗമായി ഇ- ശ്രം പോർട്ടലിൽ ജില്ലയിലെ 16നും 59 വയസിനും ഇടയിലുള്ള എല്ലാ അസംഘടിതമേഖലയിലെ തൊഴിലാളികൾക്കും രജിസ്റ്റർ ചെയ്യാം. ഇ.എസ്.ഐ, ജി.പി.എഫ് ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത ഇൻകം ടാക്‌സ് പരിധിയിൽ വരാത്ത തൊഴിലാളികൾക്കാണ് രജിസ്ട്രർ ചെയ്യാവുന്നത്. ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് യൂണിക്ക് ഐഡന്റിഫിക്കേഷൻ കാർഡ് ലഭിക്കും. ഈ കാർഡിലൂടെ കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും. രജിസ്‌ട്രേഷൻ നടപടികൾ ഡിസംബർ 31 നകം പൂർത്തിയാക്കും. തൊഴിലാളികൾക്ക് പോർട്ടലിലേക്ക് സ്വന്തമായും അക്ഷയ കേന്ദ്രങ്ങൾ വഴിയോ രജിസ്റ്റർ ചെയ്യാം. ആധാർ നമ്പർ, മൊബൈൽ നമ്പർ, ഐ.എഫ്.എസ്.സി ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവയുടെ സഹായത്തോടെ മൊബൈൽ ആപ്പ് വഴി രജിസ്ട്രേഷൻ നടത്താം. രജിസ്‌ട്രേഷൻ ഫീസ് ഈടാക്കുന്നതല്ല. ജില്ലയിലെ മുഴുവൻ അസംഘടിത തൊഴിലാളികളും ഇ-ശ്രം പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്തി അംഗങ്ങളാകണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

രജിസ്റ്റർ ചെയ്യേണ്ടവർ

നിർമ്മാണ തൊഴിലാളികൾ, അന്യസംസ്ഥാന തൊഴിലാളികൾ, സ്വയം തൊഴിലിൽ ഏർപ്പെട്ടവർ, പത്ര ഏജന്റുമാർ, വഴിക്കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ആശാവർക്കർമാർ, അംഗൻവാടി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീര കർഷകർ, കർഷകർ, കർഷകത്തൊഴിലാളികൾ, വീട്ടു ജോലിക്കാർ, തടിപ്പണിക്കാർ, ബീഡി തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ തുടങ്ങിയ കേരള ക്ഷേമനിധിയിൽ അംഗങ്ങളായ എല്ലാ തൊഴിലാളികൾക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.