തൊടുപുഴ: അടുത്ത 30 വർഷത്തേക്കുള്ള ദീർഘ വീക്ഷണത്തോടെ തൊടുപുഴ നഗരസഭ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് അവലോകന യോഗം ചേർന്നു. ടൗൺ ഹാളിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ നഗരസഭ വൈസ് ചെയർ പേഴ്‌സൺ ജെസി ജോണി, മറ്റ് വാർഡ് കൗൺസിലർമാർ, നഗരസഭ സെക്രട്ടറി,ജില്ലാ ടൗൺ പ്ലാനിങ്ങ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സാമൂഹ്യ സംസ്‌ക്കാരിക രാഷ്ട്രീയ വ്യാപാരി വ്യവസായി എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു. പ്രസിദ്ധീകരിച്ച കരട് പ്ലാൻ നഗരസഭ ഓഫീസിലും നഗരസഭയുടെ ഔദ്യോഗിക സൈറ്റിലും പൊതുജനത്തിന് പരിശോധന നടത്താവുന്നതാണ്. ഇത് സംബന്ധിച്ചുള്ള ആക്ഷേപങ്ങളും, അഭിപ്രായങ്ങളും നവംബർ 10 വരെ നഗരസഭ ഓഫീസിൽ സ്വീകരിക്കും.
കരട് പ്ലാൻ സോൺ അടിസ്ഥാനത്തിൽ.
റസിഡൻഷ്യൽ, റസിഡൻഷ്യൽ മിക്‌സഡ്, അഗ്രികൾച്ചറൽ, കൊമേഴ്‌സ്യൽ /സബ് സെന്റർ, പബ്ലിക്ക് /സെമി പബ്ലിക്ക്,വ്യവസായം,പാർക്ക്, പ്ലേഗ്രൗണ്ട്, ഓപ്പൺ സോൺ,റോക്ക്, ഗതാഗതം,വാട്ടർ സോഴ്‌സ്, ചേരി പ്രദേശം, ശബരി റയിൽവേ, ഇൻഫർമേഷൻ, ഇൻഫ്രാസ്ട്രക്ച്ചർ എന്നിങ്ങനെയുള്ള പ്രത്യേകമായ ഓരോ സോൺ വിഭാഗമായി തിരിച്ചാണ് കരട് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
സമയം ദീർഘിപ്പിക്കണം.
കരട് ലിസ്റ്റിൽ പൊതു ജനത്തിന് ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാൻ നവംബർ 10 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും നഗരസഭ പരിധിയിലെ ജനങ്ങൾക്ക് ഇത് സംബന്ധിച്ച് കൃത്യമായ അവബോധം ലഭിച്ചിട്ടില്ല. ഇക്കാരണത്താൽ നഗരസഭ ഓരോ പ്രത്യേകമായി വാർഡ് സഭകൾ അടിയന്തിരമായി ചേരുകയും ഇത് സംഭന്ധിച്ച് വിഷയം ചർച്ച ചെയ്യുകയും വേണം. ആക്ഷേപങ്ങളും പരാതികളും നൽകാനുള്ള സമയം സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ ദീർഘപ്പിക്കണം. പ്രത്യേകമായി കാമ്പയിനുകളും ഇതിന് വേണ്ടി സംഘടിപ്പിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ യോഗത്തിൽ ജനങ്ങൾ ആവശ്യപ്പെട്ടു. പദ്ധതി സംഭന്ധിച്ച് ജനത്തിന്റെ വ്യക്തിപരമായ ആശങ്കകൾ യോഗത്തിൽ എത്തിയവർ അധികൃതരെ അറിയിച്ചു.