തൊടുപുഴ: ഇനി സാധാരണക്കാരന് ഡ്രൈവിംഗ് പഠിക്കാനും 'വലിയ വില" കൊടുക്കേണ്ടി വരും. അനുദിനം ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ തൊടുപുഴ മേഖലയിലെ ഡ്രൈവിംഗ് സ്‌കൂളുകൾ ഫീസ് വർദ്ധിപ്പിച്ചു. കാറുകളിൽ എട്ട് കിലോമീറ്റർ ഡ്രൈവിങ് പരിശീലനം നടത്തുന്നതിന് 400 രൂപയും മോട്ടോർ സൈക്കിളിൽ 30 മിനിട്ട് പരിശീലനം നടത്തുന്നതിന് 250 രൂപയുമാണ് പുതുക്കിയ നിരക്കെന്ന് തൊടുപുഴയിലെ സംയുക്ത ഡ്രൈവിങ് സംഘടന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ ഒന്ന് മുതൽ പുതുക്കിയ ഫീസ് നിലവിൽ വരും. 2017ലാണ് നേരത്തേ മേഖലയിൽ ഫീസ് കൂട്ടിയത്. അന്ന് പെട്രോൾ വില 67 രൂപയായിരുന്നു. ഇപ്പോൾ 108 രൂപയായി. അന്ന് മുതൽ ഇന്ന് വരെ ടാക്സികളുടെയും ഓട്ടോറിക്ഷകളുടെയും ബസുകളുടെയും നിരക്ക് പലതവണ വർദ്ധിപ്പിച്ചെങ്കിലും ഡ്രൈവിംഗ് സ്കൂൾ മേഖലയിൽ മാത്രം ഒരു വർദ്ധനവുമുണ്ടായില്ല. അതിനാൽ ഫീസ് വർദ്ധിപ്പിക്കാതെ രക്ഷയില്ല. മറ്റ് മേഖലയെ അപേക്ഷിച്ച് തൊടുപുഴയിൽ ഫീസ് കുറവായിരുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ മറ്റ് ഡ്രൈവിംഗ് സ്കൂളുകളും ഫീസ് വർദ്ധിപ്പിക്കാനൊരുങ്ങുകയാണെന്നാണ് അറിവ്. ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ, ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയനും (സി.ഐ.ടി.യു) എന്നീ സംഘടനകൾ കൂട്ടായാണ് തീരുമാനമെടുത്തത്. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ മാത്യു ജോർജ് ഡോൺ, അബ്ദുൽ ജബ്ബാർ വിക്ടറി, ജോളി അലക്‌സ് പോപ്പുലർ എന്നിവർ പങ്കെടുത്തു.
പുതുക്കിയ ഫീസ് ഇങ്ങനെ
കാറുകളിൽ എട്ട് കിലോമീറ്റർ- 400 രൂപ
മോട്ടോർ സൈക്കിൾ 30 മിനിട്ട്- 250 രൂപ
മറ്റ് ചെലവുകളും കൂടി
ഇന്ധനവിലയ്ക്ക് പുറമെ വാഹനങ്ങളുടെ ടാക്സ്, ഇൻഷുറൻസ്, കെട്ടിടവാടക, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ബിൽ, ഇന്റർനെറ്റ് ചാർജ് എന്നിവ കൂടിയാകുമ്പോൾ മേഖലയുടെ നടുവൊടിയുമെന്ന് ഡ്രൈവിംഗ് സ്കൂൾ അധികൃതർ പറയുന്നു.