തൊടുപുഴ: മുല്ലപ്പെരിയാർ ഡാം സന്ദർശനത്തിനെത്തിയ ഡീൻ കുര്യാക്കോസ് എം.പിയെ കേരള പൊലീസ് തടഞ്ഞതിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജെക്കബ്ബും അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിൽ നിന്നുള്ള മന്ത്രിയും സ്ഥലം എം.എൽ.എയും മുല്ലപ്പെരിയാർ ഡാം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താത്തത് വീഴ്ചയാണ്. ഈ സാഹചര്യത്തിലാണ് ഡാം സന്ദർശിക്കാൻ എം.പി എത്തിയത്. തമിഴ്‌നാട് പൊലീസ് എം.പിയെ തടയാതിരുന്നിട്ടും കേരള പൊലീസ് തടഞ്ഞത് ദുരൂഹമാണ്. എം.പി മുല്ലപ്പെരിയാറിൽ എത്തിയത് വിനോദ സഞ്ചാരിയായിട്ടല്ല. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്നു എന്ന ആശങ്ക പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിട്ട് കണ്ട് ബോദ്ധ്യപ്പെടാനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുമാണ്.. ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഡാം സന്ദർശിക്കുന്നതിന് ഇടുക്കി എം.പിക്ക് ആരുടെയും പ്രത്യേക അനുമതി ആവശ്യവുമില്ല. തമിഴ്‌നാട് സർക്കാരിനെയും ജില്ലാ കളക്ടറെയും എസ്.പിയെയും സന്ദർശന വിവരം മുൻകൂട്ടി അറിയിച്ചത് പ്രോട്ടോക്കോൾ പ്രകാരമുള്ള സന്ദർശന സൗകര്യത്തിനും സുരക്ഷയും ഒരുക്കാനാണ്. ഇക്കാര്യമൊന്നും അറിയാത്തവരല്ല ജില്ലാ കളക്ടറും എസ്.പിയും. ജനങ്ങളിൽ നിന്ന് എന്തൊക്കെയോ മറച്ചു വയ്ക്കാനുള്ള തത്രപ്പാടിലാണ് കേരള സർക്കാർ. എം.പിയെ പൊലീസ് തടഞ്ഞത് സർക്കാരിന്റെ അറിവോടെയാണോ അല്ലയോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം. എം.പിയെ തടഞ്ഞ നടപടി നഗ്നമായ ഭരണഘടനാ ലംഘനവും അവകാശ ലംഘനവുമാണ്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.