 രാവിലെ ഏഴ് മുതൽ മാറ്റിപാർപ്പിക്കും

ഇടുക്കി: ജലനിരപ്പ് കുറഞ്ഞില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ച സാഹചര്യത്തിൽ ജില്ല അതീവ ജാഗ്രതയിൽ. ഇന്ന് രാവിലെ ആറ് മുതൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവും മുന്നറിയിപ്പും നൽകും. തുടർന്ന് രാവിലെ ഏഴ് മുതൽ തന്നെ പീരുമേട്, ഇടുക്കി, ഉടുമ്പഞ്ചോല താലൂക്കുകളിൽ നിന്നായി 3220 പേരെ മാറ്റി പാർപ്പിക്കാൻ ആരംഭിക്കും. ഇതിന് ബന്ധപ്പെട്ട തഹസദിൽദാർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പീരുമേട് താലൂക്കിലെ ഏലപ്പാറ, ഉപ്പുതറ, പെരിയാർ, മഞ്ചുമല വില്ലേജുകളിൽ നിന്നും ഇടുക്കി താലൂക്കിലെ അയ്യപ്പൻകോവിൽ, കാഞ്ചിയാർ എന്നീ വില്ലേജുകളിൽ നിന്നും ഉടുമ്പഞ്ചോല താലൂക്കിലെ ആനവിലാസം വില്ലേജിൽ നിന്നുമുള്ളവരെയാണ് മാറ്റി പാർപ്പിക്കുക. മാറ്റി പാർപ്പിക്കേണ്ടവർക്കായി സ്‌കൂളടക്കമുള്ള കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആളുകളെ മാറ്റാൻ ആവശ്യമായ വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്യാമ്പ് ഒരുക്കുക. രക്ഷാ പ്രവർത്തനങ്ങൾ വേണ്ട സ്ഥലങ്ങളിൽ വെളിച്ചം ഉറപ്പ് വരുത്തുന്നതിന് അസ്കാ ലൈറ്റുകൾ സജീകരിക്കും. മുല്ലപ്പെരിയാർ സ്‌പെഷ്യൽ ആഫീസർമാരായി രണ്ട് ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാർ, ഉപ്പുതറ കേന്ദ്രികരിച്ചാണ് ഇവർ ക്യാമ്പ് ചെയ്യുന്നത്. ഫയർ ഫോഴ്‌സിന്റെ നാല് ടീം സജ്ജമാണ്. വനംവകുപ്പിന്റെ രണ്ട് കണ്ട്രോൾ റൂം വണ്ടിപ്പെരിയാറിലും വള്ളക്കടവിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും പ്രശ്‌നസാധ്യത പ്രാദേശങ്ങളിലുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ കെ.എസ്.ഇ.ബിയുടെ താത്കാലിക സംവിധാനം തയ്യാറാണ്.

കൺട്രോൾ റൂമുകൾ

ജില്ലാതലത്തിലും പീരുമേട്, ഇടുക്കി, ഉടുമ്പഞ്ചോല താലൂക്കുകളിലും മഞ്ചുമല, പെരിയാർ, കുമളി, ഉപ്പുതറ, അയ്യപ്പൻകോവിൽ, ആനവിലാസം, ഏലപ്പാറ, കാഞ്ചിയാർ എന്നീ വില്ലേജുകളിൽ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ജില്ലാ തല കൺട്രോൾ റൂം നമ്പർ- 04862233111, 04862233130, 9383463036, 7034447100.

അന്ന് നാശം വിതച്ചു

ഇതിന് മുമ്പ് 2018ലെ പ്രളയകാലത്താണ് അണക്കെട്ട് തുറന്നപ്പോൾ വൻതോതിലുള്ള വെള്ളം കുതിച്ചെത്തി മുല്ലപ്പെരിയാറിന്റെ താഴ്‌വാരത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ആലടി, ഉപ്പുത്തറ, അയ്യപ്പൻകോവിൽ എന്നിവിടങ്ങളിൽ വ്യാപക നാശം വരുത്തിയിരുന്നു. ആഗസ്റ്റ് 15ന് പുലർച്ചെ 2.30യോടെയായിരുന്നു 142 അടിയുടെ മുകളിൽ വെള്ളമെത്തിയപ്പോൾ 13 ഷട്ടറുകളും ഒരുമിച്ച് ഉയർത്തിയത്. അന്ന് ഡാം തുറക്കുന്ന വിവരം നേരത്തെ അറിയിക്കാൻ തമിഴ്നാട് തയ്യാറായില്ല. മുല്ലപ്പെരിയാർ തുറക്കുമ്പോൾ ഇടുക്കി അണക്കെട്ട് തുറന്നിരിക്കുകയായിരുന്നു. ഇത്തവണ ഇടുക്കി അടച്ചപ്പോഴാണ് മുല്ലപ്പെരിയാർ തുറക്കുന്നത്.

ഇടുക്കി വരെ 35 കി.മീ

35 കി.മീ. ദൂരമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് ഇടുക്കി ഡാമിലേക്കുള്ളത്. തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് അനുസരിച്ച് ആറ് മണിക്കൂർ മുതൽ മുകളിലേക്കാണ് ഇത് ഇടുക്കി സംഭരണിയിലേക്ക് എത്താൻ വേണ്ടത്. അയ്യപ്പൻകോവിൽ തൂക്കുപ്പാലത്തിന് അടിയിലൂടെ കടന്ന് അഞ്ചുരുളി ടണലിന് അടുത്താണ് വെള്ളമൊഴുകി എത്തുന്നത്. നിലവിൽ 2397.98 അടിയിലെത്തി നിൽക്കുന്ന ഇടുക്കിയിലേക്ക് മുല്ലപ്പെരിയാർ തുറന്നാൽ കൂടുതൽ വെള്ളമൊഴുകിയെത്തും. ഇതോടെ വീണ്ടും ഇടുക്കി തുറക്കേണ്ടി വരുമോയെന്നും ആശങ്കയുണ്ട്.