മുതലക്കോടം: മുതലക്കോടത്ത് നിന്ന് പഴുക്കാകുളം വഴി ഏഴല്ലൂർ, കാരൂപ്പാറ ഭാഗത്തേയ്ക്ക് പോകുന്ന പൊതുമരാമത്ത് വകുപ്പ് റോഡ് വീതികൂട്ടി ബൈപ്പാസ് റോഡായി മാറ്റണമെന്ന ആവശ്യം ശക്തം. വർഷങ്ങൾക്ക് മുമ്പ് സമീപവാസികൾ സൗജന്യമായി സ്ഥലം വിട്ടു നൽകി നിർമ്മിച്ച റോഡാണിത്. കുന്നം, പടി. കോടിക്കുളം വഴി മൂന്നാറിന് പോകുന്ന ഹൈവേയിലേയ്ക്കും ഏഴല്ലൂർ ഭാഗത്തേയ്ക്ക് പോകുന്ന റോഡ് അൽ- അസ്ഹർ മെഡിക്കൽ കോളേജ് വഴി പോകുന്ന ഊന്നുകൽ- മൂന്നാർ റോഡിലേക്കും എത്തി നിൽക്കുന്നു. ഈ റോഡിനെ മൂന്നാർ റോഡിന്റെ ബൈപ്പാസ് റോഡാക്കി മാറ്റി, കെ.എസ്.ടി.പി പോലുള്ള നല്ല ഏജൻസിയെക്കൊണ്ട് സ്ഥലം ഏറ്റെടുപ്പിച്ചു ഹെവി മെയിന്റൻസും ടാറിങ്ങും നടത്തിയാൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് കേരള കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.കെ. ജോസഫ് പറഞ്ഞു. ഇത് സംബന്ധിച്ച് പൊതുമരാമത്തു അധികൃതർക്ക് നിവേദനം നൽകി. റോഡിന്റെ ഇരുവശവും വെള്ളം ഒഴുകി വലിയ കിടങ്ങുകൾ രൂപം കൊണ്ടിരിക്കുകയാണ്. ഇതിന് പരിഹാരമായി ഐറിഷ് ഡ്രൈനേജ് നിർമ്മിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.