തൊടുപുഴ : ജില്ലയിലെ പൂട്ടിയ തേയില തോട്ടങ്ങളിലെ ഭവനരഹിതരായ എല്ലാ തോട്ടം തൊഴിലാളി കുടുംബങ്ങളെയും സർക്കാരിന്റ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.
തൊഴിലാളികൾക്ക് ലഭിക്കേണ്ട അർഹതപ്പെട്ട ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കണമെന്നും കമ്മീഷൻ തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.അടച്ചുപൂട്ടിയ തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.വിഷയത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു.
2000 ത്തിന് ശേഷം തോട്ടം മേഖലയിലുണ്ടായ വിലത്തകർച്ച പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. തോട്ടം പൂട്ടുകയോ ഉപേക്ഷിച്ച് പോവുകയോ ചെയ്യേണ്ട അവസ്ഥയുണ്ടായി.
തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി, ബോണസ് തുടങ്ങിയവ നൽകാൻ മാനേജ്‌മെന്റിന് ബാദ്ധ്യതയുണ്ടെങ്കിലും ഇക്കാര്യത്തിൽ മാനേജ്‌മെന്റ് പരാജയപ്പെട്ടു. ഗ്രാറ്റുവിറ്റി ലഭിക്കാൻ തൊഴിൽ വകുപ്പ് എസ്റ്റേറ്റുകളിൽ ക്യാമ്പുകൾ നടത്തിയിട്ടുണ്ട്.

ഭവനരഹിതരായ എല്ലാ തോട്ടം തൊഴിലാളികൾക്കും വീട് നൽകുന്നതിന് പ്രാഥമിക സർവേ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മൂന്നാർ മേഖലയിൽ പത്തു വീടുകളുടെ നിർമ്മാണം തുടങ്ങി. സർക്കാർ തോട്ട നയം പ്രഖ്യാപിച്ചിട്ടുണ്ട്. തോട്ടം മേഖലയിൽ കേന്ദ്രധനസഹായം പ്രഖ്യാപിക്കുന്നത് സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിലാണ്. തൊഴിലാളികളുടെ ക്ഷേമത്തിനായി പ്ലാന്റേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൂട്ടിയ തോട്ടങ്ങളിൽ തൊഴിലാളി മരിച്ചാൽ നൽകുന്ന ധനസഹായം 10,000 രൂപയിൽ നിന്നും ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.

പരിഗണനയിൽ

രണ്ട് എസ്റ്റേറ്റുകൾ

പീരുമേട് ബൊണാമി, കോട്ടമല എസ്റ്റേറ്റിുകളിൽ നിന്ന് 1182 ക്ലയിമുകളിലായി 11,48,32,032 രൂപയുടെ ക്ളയിമുകൾ അതോറിറ്റിയുടെ പരിഗണനയിലാണ്. ബോണക്കാട് എസ്റ്റേറ്റിൽ 441 ക്ളയിമുകളിലായി 36015558 രൂപയുടെ ക്ളയിമുകളും ബന്ധപ്പെട്ട അതോറിറ്റിയുടെ പരിഗണനയിലാണ്.