തൊടുപുഴ: നഗരത്തിന്റെ വികസനം മുന്നിൽ കണ്ട് നഗരസഭ അവതരിപ്പിക്കുന്ന മാസ്റ്റർപ്ലാൻ അവ്യക്തത നിറഞ്ഞതും അശാസ്ത്രീയവുമാണെന്ന് വ്യാപാരികൾ.കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തയോഗത്തിൽ ജനങ്ങളുടെ സംശയങ്ങൾക്ക് കൃത്യമായി മറുപടി പറയുന്നതിനോ അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനോ കഴിഞ്ഞില്ല.തിരക്കേറുന്ന തൊടുപുഴ നഗരത്തിലെ റോഡിനു മാസ്റ്റർ പ്ലാൻ പ്രകാരം 24 മീറ്റർ വീതിയുള്ള റോഡുകളും മറ്റുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് എങ്ങനെ സാദ്ധ്യമാക്കും എന്ന ചോദ്യത്തിന് ഉത്തരമില്ല. ഭൂരിഭാഗം സ്ഥലങ്ങളും കൃഷി സ്ഥലങ്ങളായിട്ടാണ് കാണിച്ചിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ ഭാവിയിൽ കെട്ടിടം പണിയുന്നതിനോ വ്യവസായം തുടങ്ങുന്നതിനോ ബുദ്ധിമുട്ട് സൃഷ്ടിക്കും.

നഗരത്തിൽ പല പദ്ധതികളുടെ പേരിലും പൊതുജനങ്ങളുടെ സ്ഥലങ്ങൾ ഉപയോഗ്യശൂന്യമായി കിടക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.സ്ഥല ഉടമകൾക്ക് ഉപയോഗപ്പെടുത്താനോ കൈമാറ്റം ചെയ്യാനോ സാധിക്കുന്നില്ല. ജനങ്ങളുടെയും വ്യാപാരികളുടെയും ആശങ്കകൾ പരിഹരിച്ച് വ്യക്തവും കൃത്യതയുമുള്ള പ്ലാനിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ നഗരത്തിന്റെ വികസനം നടപ്പിലാക്കണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു

ബിൽഡിംഗ് ഔണെഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് വർക്കി കാക്കനാട്ട്, കെ. എം. എഫ് പ്രസിഡന്റ് കെ. എൻ. ബാബു, പൊതുപ്രവർത്തകരായ എം. സി മാത്യു,ഒളിമ്പിക് വേവ് പ്രസിഡന്റ് സണ്ണി മണർകാട്, കാഡ്‌സ് പ്രസിഡന്റ് ആന്റണി കണ്ടരിക്കൽ തുടങ്ങിയവർ മാസ്റ്റർ പ്ലാനിലെ ആശങ്കൾ യോഗത്തിൽ അറിയിച്ചു.കൂടാതെ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ കുറച്ചുകൂടി സമയം ദീർഘിപ്പിക്കണമെന്നും പൊതുജനങ്ങളെ പ്ലാനിലെ വസ്തുതകൾ ധരിപ്പിക്കണമെന്നും ഇതിനായി ഓരോ വാർഡ് അടിസ്ഥാനത്തിൽ യോഗം വിളിച്ചു ചേർക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.