ഇടുക്കി: അഞ്ച് വർഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. വിവിധ കാരണങ്ങളാൽ സർക്കാർ ക്ഷേമപദ്ധതികളിൽ ഉൾപ്പെടാതെ പോയവരെ കണ്ടെത്തി അതിദാരിദ്ര്യം അനുഭവിക്കുന്നവർക്ക് അതിജീവനത്തിന് വഴിയൊരുക്കുന്നതിനുളള പദ്ധതികൾ ആവിഷ്‌കരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും കലക്ടറുടെയും നേതൃത്വത്തിലുളള സമിതിയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറാണ് നോഡൽ ഓഫീസർ.

വിവരശേഖരണം

മൊബൈൽ ആപ് വഴി

പരിശീലനം പൂർത്തിയാകുന്നതോടെ വാർഡ്തല ജനകീയസമിതി ചർച്ചകൾക്കും ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾക്കും ശേഷം പങ്കാളിത്ത ചർച്ചയിലൂടെ അന്തിമ പട്ടികയ്ക്ക് രൂപം നൽകി തദ്ദേശ സമിതികൾക്ക് കൈമാറും. പട്ടികയിലുളളവരെ നേരിൽകണ്ട് മൊബൈൽ ആപ്ലിക്കേഷൻ വഴി വിവരം ശേഖരിക്കും. ഈ വിവരങ്ങളനുസരിച്ച് തയ്യാറാക്കുന്ന ലിസ്റ്റ് തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് അംഗീകാരം നൽകും. ഇങ്ങനെ കണ്ടെത്തുന്ന അതിദരിദ്രരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെനേതൃത്വത്തിൽ മൈക്രോ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കും.

പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ് പേഴ്‌സൺമാർ, നോഡൽ/അസിസ്റ്റന്റ് നോഡൽ ഓഫീസർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ തുടങ്ങിയവർക്കായുളളപരിശീലനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. . ഇത് പൂർത്തിയാകുന്ന മുറയ്ക്ക് പഞ്ചായത്ത്തല പരിശീലനങ്ങളും ആരംഭിക്കുന്നതാണെന്ന് പ്രോജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യനും ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ പി. വി മധുവും അറിയിച്ചു.