തൊടുപുഴ : ഉടുമ്പന്നൂർ- വണ്ണപ്പുറം റോഡിൽ തുടർച്ചയായി അപകടമുണ്ടാകുന്ന ഞറുക്കുറ്റി വണ്ടമറ്റം ബൈപാസിലെ അപകടവളവിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യാഗസ്ഥർ പരിശോധന നടത്തി. ഞറുക്കുറ്റി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇറക്കം ഇറങ്ങി വളരെ വേഗതയിൽ വരുന്നതിനാൽ വണ്ടമറ്റം ഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങൾ പെട്ടന്ന് ഇടത് വശത്തേക്ക് സൈഡ് കൊടുക്കുകയും അങ്ങനെ ഇടത് വശത്തുള്ള കുഴിയിലേക്ക് വീഴുകയുമാണ് ചെയ്യുന്നതെന്ന് പരിശോധന സംഘം വിലയിരുത്തി. ഇതേ ഭാഗത്ത് റോഡരികിൽ കാഴ്ച്ച മറച്ചു നിന്നിരുന്ന ആറ് മരങ്ങൾ മുറിച്ച് നീക്കാമെന്ന് പരിസരവാസികളും മോട്ടോർ വാഹന വകുപ്പ് ഉദ്യാഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. ഇതിന് പുറമേ അപകടം നടക്കുന്ന വളവിൽ റിഫ്‌ലക്ടറോട് കൂടിയ ബാരിക്കേഡ് നിർമ്മിക്കാനും വാഹനങ്ങളുടെ വേഗത കുറയ്ക്കുവാനായി റോഡിൽ തുടർച്ചയായി റബ്ബിൽ സ്‌ട്രൈപ്‌സും റിഫ്‌ളക്ടീവ് സ്റ്റഡുകളും സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഈ ഭാഗത്ത് അപകട മേഖലാ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നതിനും റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ടൈലുകൾ പാകി വീതി കൂട്ടുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ നസീർ പി.എ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അബ്ദുൽ ജലീൽ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രാംദേവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.