upputhara
മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാർ തീരത്ത്നിന്നും ആവശ്യസാധനങ്ങളുമായി വീട് ഒഴിയുന്ന പൂവന്തിങ്കൽ ജോയ്‌സ് എന്ന വീട്ടുടമ

₹ഒഴിയാൻ കൂട്ടാക്കാതെ പെരിയാർ നിവാസികൾ

ഇടുക്കി: 'രോഗിയായ അമ്മയെയും കൊണ്ട് എങ്ങനെ ക്യാമ്പിൽ പോകും സാറെ.. 2018ൽ വീടിന്റെ പകുതി വരെ വെള്ളം കയറി. ഒരു രൂപ പോലും നഷ്ടപരിഹാരം കിട്ടിയില്ല',' മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന്റെ ഭാഗമായി ആവശ്യസാധനങ്ങളുമായി വീട് ഒഴിയുന്നതിന്റെ തത്രപ്പാടിൽ ഉപ്പുതറയിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന പൂവന്തിങ്കൽ ജോയ്‌സ് നിസ്സഹായതയോടെ പറഞ്ഞു.

സാധനങ്ങളെല്ലാം അടുക്കി ബന്ധു വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ജോയ്‌സ്. അമ്മ ഡെയ്‌സി കാൻസർ രോഗിയായതിനാൽ ബന്ധു വീട്ടിലാക്കി. 2018ൽ അർദ്ധരാത്രി മുല്ലപ്പെരിയാർ തുറന്നുവിട്ടതിനെ തുടർന്ന് ജോയ്‌സിന്റെയടക്കം പ്രദേശത്തെ നാൽപതോളം വീടുകളിൽ വെള്ളം കയറിയിരുന്നു. അന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. പെരിയാറിന്റെ തീരത്ത് തന്നെ താമസിക്കുന്ന ഷാപ്പുഴശേരിൽ എസ്.എസ്. മോഹനന്റെയും ഈട്ടിക്കൽ ഇ.വി. രവിയുടെയും അവസ്ഥ ഇതൊക്ക തന്നെയാണ്. ഇവിടം വിട്ട് എങ്ങോട്ടെങ്കിലും പോകാമെന്നു കരുതിയാൽ ആരും സ്ഥലം വാങ്ങാൻ തയ്യാറായി വരില്ല.വെള്ളം കയറുന്ന വീടായതിനാൽ ബാങ്കിൽ നിന്ന് ലോൺ പോലും തരില്ല.ഇവർക്ക് പറയാൻ ഇത്തരം ദുരിതങ്ങൾ ഏറെയുണ്ട്.

മൂന്ന് താലൂക്കുകളിൽ നിന്ന് 883 കുടുംബങ്ങളിലായി 3220 പേരെ മാറ്റി പാർപ്പിക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചതെങ്കിലും ഭൂരിഭാഗം പേരും ക്യാമ്പിലേക്ക് മാറാൻ തയ്യാറായില്ല. ഇന്ന് രാവിലെ ഡാം തുറന്ന ശേഷം വെള്ളമുയരുന്നുണ്ടെങ്കിൽ മാറാമെന്ന നിലപാടിലാണ് ഇവർ. റവന്യു ഉദ്യോഗസ്ഥർ കിണഞ്ഞു ശ്രമിച്ചിട്ടും നൂറിൽ താഴെ കുടുംബങ്ങളെ മാത്രമാണ് മാറ്റാനായത്.