കുമളി: 2018ലെ പ്രളയ കാലത്തിന് ശേഷം മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ ഏഴിന് വീണ്ടും തുറക്കും. തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവോ ഷട്ടറുകളുടെ എണ്ണമോ തമിഴ്നാട് പുറത്ത് വിട്ടിട്ടില്ല. സെക്കന്റിൽ 28,000 ലിറ്റർ തുറന്ന് വിടുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോൾ ജലനിരപ്പ് 138.20 അടി പിന്നിട്ടു. സെക്കന്റിൽ 3108 ഘനയടി വെള്ളം വീതം ഡാമിലേക്ക് ഒഴുകിയെത്തുമ്പോൾ തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത് 2300 ഘനയടി വീതമാണ്. ശക്തമായ മഴയെ തുടർന്ന് ബുധനാഴ്ച രാത്രിയിലാണ് ജലനിരപ്പ് 138 അടിയിലേക്ക് എത്തിയത്. ഇന്നലെ രാവിലെ 138 അടി പിന്നിട്ടു. നിലവിൽ മഴ കുറവായതിനാൽ ജലനിരപ്പ് സാവധാനമാണ് ഉയരുന്നത്. എന്നാൽ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടുള്ളതിനാൽ മഴ തിരിച്ചെത്തിയേക്കും.
ഇടുക്കിയിലേക്ക് വെള്ളമൊഴുകുന്ന വഴി മുല്ലപ്പെരിയാർ അണക്കെട്ടിന് താഴെയുള്ള ജനവാസ മേഖലയായ വള്ളക്കടവിലാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്നാൽ ആദ്യം വെള്ളമെത്തുക. ഇവിടെ 20 -30 മിനിറ്റിനുള്ളിൽ വെള്ളമെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. പിന്നീട് കോക്കാട്, വണ്ടിപ്പെരിയാർ, കീരിക്കര, മ്ലാമല, ശാന്തിപ്പാലം, ഹെലിബറിയ വഴി ചപ്പാത്തിലെത്തും. ശക്തമായ മഴയിൽ പോലും വെള്ളം കയറി ഗതാഗതം തടസപ്പെടുന്ന സ്ഥലമാണ് ചപ്പാത്തിലെ പാലം. ഇവിടെ 4 മണിക്കൂറിനുള്ളിൽ വെള്ളമെത്തുമെന്നാണ് നിഗമനം. ഇത് കൂടാതെ വണ്ടിപ്പെരിയാറടക്കം നിരവധി പാലങ്ങൾ വേറെയുമുണ്ട്. വെള്ളം പിന്നീട് ആലടി, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി സംഭരണിയിലേക്ക് ചേരും. ആറ് മണിക്കൂറിലധികം വെള്ളമൊഴുകിയെത്താനെടുക്കും. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിലവിൽ ഉപ്പുതറയ്ക്ക് സമീപം വരെ വെള്ളം എത്തി നിൽക്കുകയാണ്.
ആറ് വർഷത്തിനിടെ
തുറന്നത് രണ്ട് തവണ
1980ൽ മുല്ലപ്പെരിയാർ ജലനിരപ്പ് 152ൽ നിന്ന് 136 ആക്കി കുറച്ച ശേഷം 12 തവണ അണക്കെട്ട് കവിഞ്ഞൊഴുകിയിട്ടുണ്ട്. 2014ൽ സുപ്രീം കോടതി വിധി പ്രകാരം 142 അടി ആക്കി ഉയർത്തിയ ശേഷം രണ്ട് തവണയും ഡാം തുറന്നു വിട്ടു. ഈ വിധിക്ക് ശേഷമാണ് സ്പിൽവേയിൽ 13 ഷട്ടറുകൾ സ്ഥാപിച്ച് ജലനിരപ്പ് ക്രമീകരിക്കാൻ തമിഴ്നാട് തയ്യാറായത്. ഇതിന് ശേഷം 2015 ഡിസംബർ 20ന് പുലർച്ചെ 4 മണക്കാണ് ഷട്ടർ തുറന്നത്. അന്ന് 141.75 അടിയിലേക്ക് ജലനിരപ്പ് എത്തിയതോടെ 4 ഷട്ടറുകൾ തുറക്കുകയും 2 എണ്ണം അരയടി വീതവും 2 എണ്ണം ഒരടി വീതവുമാണ് തുറന്നത്. പിന്നീട് 2018 ആഗസ്റ്റ് 15ന് പുലർച്ചെ 2.30 നാണ് എല്ലാ ഷട്ടറുകളും തുറന്നത്. അന്ന് ജലനിരപ്പ് 142 അടിയുടെ മുകളിലെത്തിയിരുന്നു. വെള്ളം കുതിച്ചെത്തിയതോടെ അന്ന് പെരിയാർ തീരവാസികളുടെ വീടുകളിൽ വെള്ളം കയറി വലിയ നാശനഷ്ടമാണ് ഉണ്ടായത്.
30 ലക്ഷംപേരുടെ ജീവൻ അപകടത്തിലെന്ന് കേരളം
സ്വന്തം ലേഖിക
ന്യൂഡൽഹി: സംസ്ഥാനത്തെ മുപ്പത് ലക്ഷം പേരുടെ ജീവനു മേൽ ഡെമോക്ലസിന്റെ വാൾ കണക്കെ അപകടമുനമ്പായി നിലനിൽക്കുകയാണ് 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. പുതിയ അണക്കെട്ട് മാത്രമാണ് പരിഹാരമെന്നും ബോധിപ്പിച്ചു. മുല്ലപ്പെരിയാറിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ഇതുവരെ സർക്കാർ പൊതുവേദികളിൽ പറഞ്ഞിരുന്നത്.
അണക്കെട്ടിന്റെ 60 ശതമാനവും സുർക്കി മിശ്രിതം കൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. രൂപകല്പനയിൽ ഭൂകമ്പ സാദ്ധ്യത പരിഗണിച്ചിട്ടില്ല.
രണ്ടു തവണ അണക്കെട്ടിനെ ശക്തിപ്പെടുത്താൻ നടപടി സ്വീകരിച്ചെങ്കിലും കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണ്. 136 അടിയിൽ നിന്ന് 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ അണക്കെട്ടിന് മേൽ ഉയർന്ന ജലസമ്മർദം ഉണ്ടാകും. അണക്കെട്ടിന്റെ വിസ്തൃതി കൂടുതലാണെങ്കിലും പരിമിതമായ ജലസംഭരണ ശേഷി മാത്രമേയുള്ളൂ. ഇടുക്കി അണക്കെട്ടുമായി താരതമ്യം ചെയ്യുമ്പോൾ മുല്ലപ്പെരിയാർ ഡാമിന്റെ ജലസംഭരണ ശേഷി വളരെ പരിമിതമാണ്.
കഴിഞ്ഞ 17ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ ബേബി ഡാമിനെ ശക്തിപ്പെടുത്തുന്നതിനും പ്രദേശത്തെ മരങ്ങൾ നീക്കം ചെയ്യുന്നതിനും തമിഴ്നാടിന് അനുമതി നൽകിയതാണ്. തമിഴ്നാട് ഇതുവരെ അതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല.
ഇടുക്കി അണക്കെട്ടിനോട് ചേർന്നുള്ള അഞ്ച് ജില്ലകൾ അപകടത്തിലാണ്. കാലവർഷം അതിശക്തമായതിനാൽ ഇടുക്കി അണക്കെട്ട് യെല്ലോ അലർട്ടിലാണ്.പരമാവധി ജലനിരപ്പ് ഉയർന്നു കഴിഞ്ഞു. കൂടുതൽ ജലം എത്തുന്നത് സാഹചര്യം ഗുരുതരമാക്കും.
139.5 അടിയിലും ഭീഷണി മാറില്ല
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം:തുലാവർഷം കനക്കുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് നവംബർ 10വരെ 139.5അടിയിൽ നിലനിറുത്തിയാലും ,കേരളത്തിന് ഭീഷണി ഒഴിയില്ലെന്ന് മുല്ലപ്പെരിയാർ സെൽ ചെയർമാനായിരുന്ന എം.കെ.പരമേശ്വരൻനായർ
പറഞ്ഞു.
തമിഴ്നാടിന്റെ താല്പര്യവും, അതനുസരിച്ചുള്ള മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ നിർദ്ദേശവും പരിഗണിച്ചാണ് സുപ്രീം കോടതിയിൽ തീരുമാനമുണ്ടായത്. ഇത്തരത്തിൽ 139.5 അടിയിൽ നിലനിറുത്തുന്നത് ഡാമിലെ സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തന്നെ നിശ്ചയിച്ച 142 അടിയിൽ ജലനിരപ്പ് പരിപാലിക്കാനാണ്.
കൂടുതൽ മഴയുണ്ടായാൽ കാര്യങ്ങൾ തകിടം മറിയും. 139.5 അടിയിൽ നിന്ന് 142 അടിയിലെത്താൻ അധികം സമയം വേണ്ടിവരില്ല. അതൊഴിവാക്കാൻ ഡാമിലെ 13 സ്പിൽവേയും ഒരുമിച്ച് തുറക്കേണ്ടിവരും. ഇടുക്കി മുതൽ എറണാകുളം വരെ പ്രളയമായിരിക്കും ഫലം.
മഴ ശക്തമാവുകയും ഡാം 142അടിയിലെത്തുകയും ചെയ്താൽ പെരിയാറിൽ 11മണിക്കൂർ നേരത്തേക്ക് 5 അടിയിലധികം ഉയരത്തിൽ വെള്ളമൊഴുകുമെന്നാണ് മുന്നറിയിപ്പ്. 137 അടിയാണ് സുരക്ഷിതമായ ജലനിരപ്പ്. ഡാമിന്റെ സുരക്ഷയുടെ കാര്യത്തിൽ തമിഴ്നാടിന്റെയും സുപ്രീംകോടതിയുടെയും കേന്ദ്ര ജല കമ്മിഷന്റെയും ഭാഗത്തു നിന്ന് ന്യായയുക്തമായ തീരുമാനം വൈകുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
ലോകത്ത് സുർക്കിയിൽ പണിത നിലവിലെ ഏക അണക്കെട്ടാണിത്. പണിതപ്പോൾ 60വർഷമായിരുന്നു ആയുസ്. ഇപ്പോൾ 126 വർഷമായി. റൂർക്കി സർവ്വകലാശാലയുടെ പഠനത്തിൽ ഇത് സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. ഡൽഹി ഐ.ഐ.ടി.പഠന റിപ്പോർട്ടനുസരിച്ച് ഡാമിന്റെ 16കിലോമീറ്റർ ചുറ്റളവിൽ ഭൂകമ്പ സാദ്ധ്യതയുണ്ട്.
വിദേശങ്ങളിൽ പഴയ അണക്കെട്ടുകൾ കാലാവധി കഴിഞ്ഞാൽ ഡീകമ്മിഷൻ ചെയ്യും. ഇന്ത്യയിൽ പ്രകൃതി ദുരന്തങ്ങളിൽ നശിച്ചാൽ മാത്രമേ പുതിയ അണക്കെട്ട് നിർമ്മിക്കൂ .അത്തരം നയം മുല്ലപ്പെരിയാറിൽ സ്വീകരിച്ചാൽ വൻ ദുരന്തമായിരിക്കും ഫലം.