അടിമാലി: വാളറ അഞ്ചാംമൈൽ ആദിവാസി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നതായി പരാതി.നേര്യമംഗലം വനമേഖലയിൽ നിന്നെത്തുന്ന കാട്ടാനകളാണ് പ്രദേശത്ത് നാശം വിതക്കുന്നത്.ഒറ്റയായും കൂട്ടമായുമൊക്കെ കാട്ടാനകൾ ഇവിടെ എത്താറുണ്ട്.തങ്ങളുടെ കൃഷിനശിപ്പിക്കുന്നതിനപ്പുറം ജീവനിൽ ഭയന്നാണ് കഴിഞ്ഞ് കൂടുന്നതെന്ന് കുടുംബങ്ങൾ പറയുന്നു.കാട്ടാന ശല്യം പ്രതിരോധിക്കാൻ ഫെൻസിംഗ് തീർത്തിട്ടുണ്ടെങ്കിലും അവ ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപമുണ്ട്.പലയിടത്തും ഫെൻസിംഗ് നാശത്തിന്റെ വക്കിലാണ്.ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിംഗ് പോലെ കുറച്ചുകൂടി ഫലവത്തായ പ്രതിരോധമാർഗ്ഗം തീർത്താൽ ആനശല്യം ഒരു പരിധിവരെ നിയന്ത്രിക്കാമെന്ന് കുടുംബങ്ങൾ പറയുന്നു.കാട്ടാനക്ക് പുറമെ കാട്ടുപന്നിയടക്കമുള്ള ഇതര കാട്ടുമൃഗങ്ങളുടെ ശല്യവും അഞ്ചാംമൈൽകുടിയിലെ ആദിവാസി കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ട്.