കുമളി: 2018ലെ പ്രളയകാലത്തിന് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് രാവിലെ ഏഴിനു തുറക്കുമ്പോൾ എല്ലാം സജ്ജമാണെന്നു ജില്ലാ ഭരണകൂടം പറയുന്നു. ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളില്‍ നിന്ന് 883 കുടുംബങ്ങളിലായി 3220 പേരെ മാറ്റി പാര്‍പ്പിക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചതെങ്കിലും ഭൂരിഭാഗം പേരും ക്യാമ്പുകളിലേക്ക് മാറാന്‍ ഇന്നലെ വൈകിയും തയ്യാറായിട്ടില്ല. ഇന്ന് രാവിലെ അണക്കെട്ട് തുറന്ന ശേഷം വെള്ളമുയരുന്നുണ്ടെങ്കില്‍ മാറാമെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. റവന്യു ഉദ്യോഗസ്ഥര്‍ കിണഞ്ഞു ശ്രമിച്ചിട്ടും വെള്ളമെത്തിയാല്‍ നേരിട്ട് ബാധിക്കുന്ന നൂറില്‍ താഴെ കുടുംബങ്ങളെ മാത്രമാണ് മാറ്റാനായത്. അതേസമയം പുഴയിൽ രണ്ടടി വെള്ളമുയർന്നാൽ ബാധിക്കുന്ന 350 കുടുംബങ്ങളിലെ 1079 പേരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മന്ത്രി മുല്ലപ്പെരിയാർ ഡാം ഇന്നലെ സന്ദർശിച്ചശേഷമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ എത്തിയത്. 11 കുടുബത്തിലെ 35 പേരെ വണ്ടിപ്പെരിയാർ മോഹന ഓഡിറ്റോറിയത്തിലേക്കും നാല് കുടുബത്തിലെ 19 പേരെ വണ്ടിപ്പെരിയാർ സെൻ്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും സജ്ജമാക്കിയ ക്യാമ്പിലേക്കും മാറ്റി. മറ്റുള്ളവർ ബന്ധു ഭവനങ്ങളിലേക്കാണ് മാറിയിട്ടുള്ളത്. ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോള്‍ ജലനിരപ്പ് 138.20 അടി പിന്നിട്ടു. സെക്കന്റില്‍ 3108 ഘനയടി വെള്ളം വീതം ഒഴുകിയെത്തുമ്പോള്‍ തമിഴ്‌നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത് 2300 ഘനയടി വീതമാണ്. ശക്തമായ മഴയെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയിലാണ് ജലനിരപ്പ് 138 അടിയിലേക്ക് എത്തിയത്. ഇന്നലെ രാവിലെ 138 അടി പിന്നിട്ടു. ഒക്ടോബർ 31 വരെ ജലനിരപ്പ് 138 അടി നിലനിർത്തുന്നതിനാണ് ജലം തുറന്നു വിടുന്നത്. മഴ കുറഞ്ഞതിനാല്‍ ജലനിരപ്പ് സാവധാനം മാത്രമാണ് ഉയരുന്നത്. എന്നാല്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളതിനാല്‍ മഴ വീണ്ടും തിരിച്ചെത്തിയേക്കും. അതേ സമയം തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവോ ഷട്ടറുകളുടെ എണ്ണമോ ഔദ്യോഗികമായി തമിഴ്‌നാട് പുറത്ത് വിട്ടിട്ടില്ല. വെള്ളം തുറന്ന് വിടുന്ന സ്പില്‍വേ ഷട്ടര്‍ ഇരിക്കുന്ന ഭാഗത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് എത്തുന്നതിന് പോലും ഭാഗികമായി വിലക്കുണ്ട്. വനം വകുപ്പ് തടസം നില്‍ക്കുന്നതായാണ് വിവരം.

എല്ലാം ഇടുക്കി താങ്ങും മുല്ലപ്പെരിയാറിൽ നിന്ന് തുറന്നു വിടുന്ന ജലം ഉൾക്കൊള്ളാൻ ഇടുക്കിക്ക് കഴിയുമെന്നും കണക്കുകൾ ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാർ ഡാമിൻ്റ സംഭരണ ശേഷി 12.758 ടി എം സി ജലമാണ്. ഇടുക്കിയുടേത് 70.5 ടി എം സി യും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിൽ നിലനിർത്തുന്നതിന് ആവശ്യമായ ജലം തുറന്നു വിട്ടാൽ ഇടുക്കി ഡാമിൽ നാലിലൊന്നു അടി മാത്രമേ ജലനിരപ്പ് ഉയരുകയുളളു. മുല്ലപ്പെരിയാർ മുതൽ ഇടുക്കി വരെയുള്ള 24 കിലോമീറ്റർ മുല്ലയാറിൽ ഏകദേശം 60 സെ.മീ താഴെ മാത്രമാണ് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളൂ.

എല്ലാം സജ്ജം

മൂന്ന് താലൂക്കിലെ ഏഴ് വില്ലേജിലെ മാറ്റി പാർപ്പിക്കേണ്ട വരെ മുഴുവനും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ഡാം തുറന്നപ്പോൾ കൈക്കൊണ്ട മുന്നൊരുക്കങ്ങളെല്ലാം മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന് മുന്നോടിയായി കൈക്കൊണ്ടിട്ടുണ്ട്. റവന്യു, ആരോഗ്യം, ഫയർഫോഴ്സ്, വനം, പോലീസ് തുടങ്ങീ എല്ലാ വകുപ്പുകളും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് സുരക്ഷാ ക്രമീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ആളുകളെ ഒഴിപ്പിച്ച വീടുകളുള്ള മേഖലയിൽ പോലീസ് പട്രോളിങ് ഏർപ്പെടുത്തി. കട്ടപ്പന, പീരുമേട് താലൂക്ക് ആശുപത്രിയിലും വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും അടിയന്തര ചികിത്സാ സംവിധാനമൊരുക്കിയിട്ടുണ്ട്. വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്നതിന് മുല്ലയാറിലെ തടസങ്ങൾ നീക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കായി എസ്റ്റേറ്റുകളുടെ ഗേറ്റുകൾ എല്ലാം തുറന്നിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വില്ലേജ്, താലുക്ക്, കലക്ട്രേറ്റിൽ ജില്ലാതലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. എല്ലവിധ സുരക്ഷാ ഉപകരണങ്ങളോടുകൂടി ഫയർഫോഴ്സും സജ്ജമാണെന്നും മന്ത്രി അറിയിച്ചു. തേക്കടി പെരിയാർ ഹൗസിൽ ചേർന്ന യോഗത്തിൽ വാഴൂർ സോമൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ്, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ അലക്സ് വർഗീസ്, കുമളി പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഷാജിമോൻ തുടങ്ങിയവർ പങ്കെടുത്തു.