തൊടുപുഴ : 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിനു സുരക്ഷാ ഭീഷണി ഉണ്ടെന്നുള്ള കേരളത്തിന്റെ നിലപാടിൽ അയവു വരുത്തിയെന്നുള്ള ധാരണ ഉണ്ടാകാനിടയാകരുതെന്ന് പി.ജെ.ജോസഫ് എം.എൽ.എ. പറഞ്ഞു.
പ്രളയ സാദ്ധ്യതയുടെയും ഭൂകമ്പ സാദ്ധ്യത മേഖല എന്നുള്ള നിലയിലും ഡാമിന് സുരക്ഷാ ഭീഷണിയുണ്ട്. അതിവൃഷ്ടി ഏതു സമയത്തും ഉണ്ടാകാമെന്നും അങ്ങനെ സംഭവിച്ചാൽ അതുൾക്കൊള്ളാൻ ഡാമിനു കഴിയില്ലെന്നും ഡാമിനു മീതേ വെള്ളം ഒഴുകിയാൽ ഗ്രാവിറ്റി ഡാം എന്ന നിലയിൽ അപകട ഭീഷണി ഉണ്ടെന്ന് ഡൽഹി ഐ.ഐ.റ്റി. യിലെ ഡോ.ഗൊസൈന്റെ അഭിപ്രായം 2018 മുതലുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാണ്. ഐ.ഐ.റ്റി. ഡൽഹി നടത്തിയ പ്രളയ സാദ്ധ്യതാ പഠനം രണ്ടു ദിവസം കൊണ്ട് മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് 65 സെന്റീ മീറ്റർ മഴയുണ്ടാകാൻ സാധ്യത നിലനിൽക്കുന്നതായും അങ്ങനെ സംഭവിച്ചാൽ അണക്കെട്ട് 136 അടി ജലനിരപ്പിൽ നിൽക്കുമ്പോൾ പോലും ജലനിരപ്പ് 160 അടിക്കു മുകളിൽ ഉയർന്ന് അണക്കെട്ടിനു മുകളിലൂടെ 11 മണിക്കൂറിൽ കൂടുതൽ ഒഴുകുമെന്നും ഇത് ഡാമിന് അപകട ഭീഷണി ഉണ്ടാക്കുമെന്നും വ്യക്തമാക്കിയിട്ടുള്ളതുമാണ്.
ഭൂകമ്പ പ്രതിരോധം അണക്കെട്ടുകളുടെ രൂപ കൽപനയുടെ ഭാഗമാകുന്നതിന് മുമ്പ് നിർമ്മിച്ചതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. മുല്ലപ്പെരിയാർ ഡാമിൽ നിന്നും കേവലം 16 കി.മീറ്റർ അകലെയുള്ള തേക്കടി കൊടൈവന്നല്ലൂർ എന്ന ഭ്രംശമേഖല സജീവമാണ്. അതിന് റിക്ടർ സ്‌കെയിലിൽ 6.5 വരെ പ്രഹര ശേഷിയുള്ള ഭൂകമ്പങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതാണെന്നും അങ്ങനെ ഉണ്ടാകുന്ന പക്ഷം അതിനെ അതിജീവിക്കാൻ മുല്ലപ്പെരിയാർ ഡാമിനു സാധിക്കുകയില്ലെന്നും റൂർക്കി ഐ.ഐ.റ്റി. യിൽ ഡോ. ഡി.കെ.പോൾ വ്യക്തമാക്കിയിട്ടുണ്ട്.
2014 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള മേൽനോട്ട സമിതി റൂൾ കർവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശനമായ നടപടി കൈക്കൊള്ളണം. സുപ്രീംകോടതിയിൽ വരുന്ന സ്വകാര്യ അന്യായങ്ങളുടെ കാര്യത്തിലും ഗവൺമെന്റ് ഗൗരവപൂർണ്ണമായ പഠനം നടത്തണം. മേൽനോട്ട സമിതിയുടെ പ്രവർത്തനം ഫലപ്രദമാണെന്ന് സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം. സ്ഥായിയായ പരിഹാരം പുതിയ ഡാമാണെന്ന നിലപാടിൽ നിന്നും ബന്ധപ്പെട്ടവർ പുറകോട്ടു പോകരുതെന്നും പി.ജെ. ജോസഫ് എം.എൽ.എ. പറഞ്ഞു.