തൊടുപുഴ: കൊവിഡ് മൂലം തകർച്ചയിലായ ചെറുകിട വ്യവസായങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും പ്രത്യേക സാമ്പത്തിക ഉത്തേജക പാക്കേജും പലിശരഹിത വായ്പയും അനുവദിക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ തൊടുപുഴ മേഖല സർക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് മൂലം നേരിടുന്ന മാന്ദ്യം പരിഹരിക്കുന്നതുവരെ കെട്ടിട വാടക കുറയ്ക്കാനും കെട്ടിട ഉടമങ്ങളുടെ ബിൽഡിങ്ങ് ടാക്‌സ് കുറച്ചു കൊടുക്കാനും ഗവൺമെന്റ് നടപടി എടുക്കണം. പേപ്പറിന്റെ കുത്തനെയുള്ള വിലവർദ്ധനയ്ക്ക് ഉടൻ പരിഹാരം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അസ്സോസിയേഷൻ തൊടുപുഴ മേഖല പ്രസിഡന്റായി ടോം ചെറിയാൻ, ജോസ് മീഡിയ (സെക്രട്ടറി) മനിൽ തോമസ് (ട്രഷറർ) പ്രോൾസൺ ജെമിനി (വൈസ് പ്രസിഡന്റ്) അജേഷ് ഗീത പ്രസ്സ് (ജോ. സെക്രട്ടറി) ബിജി കോട്ടയിൽ, ബിനു വിക്ടറി, ജോമോൻ എ.എസ്., ജോസ് അക്ഷര എന്നിവരെ ഡയറക്ടർ ബോർഡിലേക്കും യോഗം തെരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റ് മധു തങ്കശ്ശേരി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇ.വി. രാജൻ, മുഖ്യപ്രഭാഷണം നടത്തി. മൂലമറ്റം രതീഷ് പ്രസ്സ് ഉടമ ചിദംബരത്തിന്റെ നിര്യാണത്തിൽ യോഗം അനുശോചനം നടത്തി . മുതിർന്ന പ്രസ്സ് ഉടമ ജീവ ബാബുവിനെ ചടങ്ങിൽ ആദരിച്ചു.