ഇടുക്കി: ലൈഫ് മീഷനിൽ ഭവന നിർമ്മാണ ആനുകൂല്യത്തിനായി സമർപ്പിച്ച അപേക്ഷകളുടെ അർഹതാ പരിശോധന നവംബർ 1 ന് ആരംഭിക്കും. 2020 ആഗസ്റ്റ് 1 മുതൽ സെപ്തംബർ 23 വരെയും 2021 ഫെബ്രുവരി 15 മുതൽ 22 വരെയും അക്ഷയ കേന്ദ്രങ്ങൾ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപന ഹെൽപ്പ് ഡെസ്‌കുകൾ വഴിയും സ്വന്തമായും ഓൺലൈനായി സമർപ്പിക്കപ്പെട്ട അപേക്ഷകളാണ് ഫീൽഡ്തല പരിശോധനയിലൂടെ അർഹത പരിശോധന നടത്തുന്നത്. ജില്ലയിൽ ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തിൽ 43399 പേരും ഭൂരഹിത ഭവനരഹിതരുടെ വിഭാഗത്തിൽ 13079 പേരുമാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലൈഫ് നിർവ്വഹണ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ തെറ്റുകളുണ്ടെങ്കിൽ തിരുത്താനും രേഖകൾ അപ്‌ലോഡ് ചെയ്യാനും ഫീൽഡ് പരിശോധനാ വേളയിൽ അവസരമുണ്ടാകും. എന്നാൽ അപേക്ഷയുടെ കൂടെ സമർപ്പിക്കപ്പെട്ട റേഷൻ കാർഡിൽ മാറ്റം വരുത്താൻ സാധിക്കില്ല. അർഹതാ പരിശോധ നവംബർ 30 ന് പൂർത്തിയാക്കും. അർഹതാ പരിശോധനയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഡിസംബർ 1 ന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും തുടർന്ന് ആക്ഷേപങ്ങളുള്ളവർക്ക് ബ്ലോക്ക്തല അപ്പീൽ കമ്മറ്റിയെയും, ജില്ലാതല അപ്പീൽ കമ്മറ്റിയെയും സമീപിക്കാവുന്നതാണ്. അന്തിമ ഗുണഭോക്തൃപട്ടിക 2022 ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും.
അർഹതാ പരിശോധനയ്ക്കുള്ള ഫീൽഡ് പരിശോധന കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഏർപ്പെടുത്തുന്നതിന് ജില്ലാതല മോണിട്ടറിംഗ് സമിതിയുടെ നേതൃത്വത്തിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രിസഡന്റ് ജിജി.കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ദാരിദ്ര്യലഘൂകരണ വിഭാഗം എ.പി.ഒ സഫിയ ബീവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി.കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ കെ. പ്രവീൺ പദ്ധതി വിശദീകരണം നടത്തി.