തൊടുപുഴ: എക്‌സൈസ് വകുപ്പിന്റെയും ലഹരി വർജ്ജന മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും സൈക്കിൾ റാലിയും നടത്തി.
മുട്ടം ജംഗ്ഷനിൽ നിന്നും തൊടുപുഴ ഗാന്ധിസ്‌ക്വയറിലേക്ക് നടത്തിയ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ ഫ്‌ളാഗ്ഓഫ് ചെയ്തു. തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ അഡ്വ. ജോസഫ് ജോൺ അദ്ധ്യക്ഷത വഹിച്ചു.
വിമുക്തി മിഷൻ ജില്ലാ മാനേജരും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുമായ ടെനിമോൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ. സുനിൽരാജ്, കെ.എസ്.ഇ.ഒ.എ ജില്ലാ സെക്രട്ടറി സുനിൽ ആന്റോ , ജില്ലാ സെക്രട്ടറി ബൈജു.ബി. തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.എ.സലിം സ്വാഗതവും തൊടുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ.പി. സിബി നന്ദിയും പറഞ്ഞു.