തൊടുപുഴ: വിദ്യാർഥികളെ വരവേൽക്കാൻ സ്കൂളുകൾ സജ്ജം..ഒന്നര വർഷത്തിനുശേഷം വിദ്യാലയ മുറ്റത്തേക്ക് എത്തുന്ന കുട്ടികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളുകളിൽ പൂർത്തിയായി വരുന്നത്. കൊവിഡ് മാനദണ്ഡങ്ങളും പെരുമാറ്റ ചട്ടങ്ങളും വിവരിക്കുന്ന ബോർഡുകളും പോസ്റ്ററുകളും സ്കളുകളിൽ തയാറാക്കുന്നുണ്ട്. സോപ്പ്, മാസ്ക്, സാനിറ്റൈസർ, തെർമൽ സ്കാനർ തുടങ്ങി കോവിഡ് പ്രതിരോധത്തിനാവശ്യമായ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കും. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി സ്കൂളുകളിൽ ആരോഗ്യസംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.ജില്ലയിൽ ഒരു ഡോസ് വാക്സിൻപോലും സ്വീകരിക്കാത്ത 43 അദ്ധ്യാപകർ ഉണ്ടെന്നാണ് ഔദ്യോഗിക വിവരം. അലർജി സംബന്ധമായ പ്രശ്നം മൂലമാണ് ഇവർ വാക്സിൻ സ്വീകരിക്കാത്തതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന പുരോഗമിക്കുകയാണ്.സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ എല്ലായിടത്തും തൊട്ടടുത്തുള്ള ആശുപ്രതിയിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. വിദ്യാർഥികൾക്ക് ആരോഗ്യ പ്രശ്നങ്ങളോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ സമീപത്തെ ആശുപത്രികളിലോ ക്ലിനിക്കുകളിലോ ഫോൺ വിളിച്ചാൽ ഡോക്ടർ സ്കൂളിലെത്തി ചികിത്സ നൽകും. ഫോൺ നമ്പരുകൾ സ്കൂളുകളിൽ പ്രദർശിപ്പിക്കും. ജില്ലാ മെഡിക്കൽ ഓഫിസർക്കാണ് ഏകോപനച്ചുമതല. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ നടത്തുമെന്ന് ജില്ലാ വിദ്യാഭാസ വകുപ്പ് അധികൃർ പറഞ്ഞു

പാഠം ഒന്ന് മാനസികാരോഗ്യക്ളാസ്

ഒന്നര വർഷത്തിനു ശേഷം വിദ്യാലയങ്ങളിലെത്തുന്ന കുട്ടികൾക്ക് ആദ്യം നൽകുക മാനസികാരോഗ്യ ക്ലാസായിരിക്കും. ടെൻഷൻ, ഭയം എന്നിങ്ങനെ ഒഴിവാക്കാൻ പ്രത്യേകം പരിശീലനം നേടിയ അദ്ധ്യാപകരുടെ സേവനവും ഉറപ്പാക്കും. അദ്ധ്യാപകരുടെ കുറവുള്ള സ്കൂളുകളിൽ ദിവസ വേതനത്തിന് അധ്യാപകരെ നിയമിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ്

ജില്ലയിൽ 10ൽപരം സ്കൂൾ കെട്ടിടങ്ങൾക്ക്‌ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാനുണ്ട്. ആസ്ബസ്റ്റോസ്ഷീറ്റ് മേഞ്ഞ കെട്ടിടമായതിനാലാണ് ഇവയിൽ മിക്കത്തിനും തദ്ദേശ സ്ഥാപനങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തത്. ഇന്ന് ഈ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ ക്ലാസുകൾ നടത്തുന്നതിന് വേറെ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.