െതാടുപുഴ: മുല്ലപ്പെരിയാറിൽ പഴയ ഡാം നിലനിർത്തിക്കൊണ്ടു തന്നെ പുതിയ ഡാം പണിയണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം. ജെ .ജേക്കബ്ബും ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സംസ്ഥാന സർക്കാർ കേരള ജനതയെ കബിളിപ്പിക്കുകയാണ്.ഡാം എത്ര സുരക്ഷിതമാണെങ്കിലും പണിത ഡാമിന്റെ ആയുസ്സിന് ഒരു പരിധിയുണ്ട്. അതു കൊണ്ടു തന്നെ പുതിയ ഡാം പണിയേണ്ടത് അനിവാര്യവുമാണ്. കരാറിനെ സംബന്ധിച്ചുള്ള തർക്കങ്ങൾ എല്ലാം പരിഹരിച്ച ശേഷം ഡാം പണിയുക എന്ന ആശയം ദുരന്തം ക്ഷണിച്ചു വരുത്തുന്നതിന് സമാനമാണ്. പഴയ ഡാം നിലനിർത്തി കൊണ്ട് പുതിയ ഡാം പണിത ശേഷം കരാറിനെ സംബന്ധിച്ച തർക്കങ്ങൾ ഇരു സംസ്ഥാനങ്ങളും തമ്മിൽ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. പഴയ ഡാം നിലനിൽത്തി കൊണ്ട് പുതിയ ഡാം പണിയുക എന്ന ആശയത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ യോജിപ്പിൽ എത്തിയാൽ അതോടെ അവസാനിക്കും മുല്ലപ്പെരിയാർ വിവാദം. ഇരു സംസ്ഥാനങ്ങളുടേയും ഉത്തമ താത്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടു തന്നെ പഴയ ഡാം നിലനിർത്തി പുതിയ ഡാം പണിയുക എന്ന ആശയത്തെ പറ്റി ഗൗരവമായി ചർച്ച ചെയ്യണമെന്നും യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.