തൊടുപുഴ: വൃദ്ധനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മണക്കാട് ആൽപ്പാറ മാളിയേക്കൽ മത്തായിയെയാണ് (95) വീടിന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. വിവരം അറിയിച്ചതനുസരിച്ച് തൊടുപുഴയിൽ നിന്ന് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി മത്തായിയെ കരയ്ക്കുകയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 അടിയോളം താഴ്ചയുള്ള കിണറ്റിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു. കാൽവഴുതി അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.