മറയൂർ: മറയൂരിന് സമീപത്തെ തോട്ടം മേഖലയായ തലയാർ ഭാഗത്ത് കടുവയുടെ ആക്രമണത്തിൽ കറവ പശു ചത്തു. കടുക് മുടി എസ്റ്റേറ്റിലെ ശേഖറിന്റെ പശുവിനെയാണ് കടിച്ചുകൊന്ന് വലിച്ച് കൊണ്ട് പോയ നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച മേയാൻ വിട്ട പശുവിനെ കാണതായിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തേയില തോട്ടത്തിന് സമീപം ചത്ത നിലയിൽ കണ്ടത്. മറയൂരിന് സമീപത്തുള്ള തോട്ടം മേഖലകളായ പാമ്പൻ മല, തലയാർ, ചട്ടമൂന്നാർ എന്നിവടങ്ങളിലായി പതിനെട്ട് കറവ് പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ അടുത്തിടെ ചത്തത്. കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാൽ തോട്ടങ്ങളിൽ പണിക്ക് പോകുന്നത് പോലും ഭയന്നാണെന്ന് തൊഴിലാളികൾ പറയുന്നു. വനപാലകരെ വിവരങ്ങൾ അറിയിക്കാറുണ്ടെങ്കിലും കടുവയെ പിടികുടുന്നതിനുള്ള നടപടികൾ ഒന്നും തന്നെ സ്വീകരിക്കാറില്ലെന്നും തൊഴിലാളികൾ പറയുന്നു