മറയൂർ: വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള നടപടികൾ ആയതോടെ സ്‌കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി എത്തിച്ച കഞ്ചാവ് പൊലീസ് പിടികൂടി. മറയൂർ മേലാടി സ്വദേശി മഹാരാജ (24) ആണ് പൊലീസ് പിടിയിലായത്. വീടിനുള്ളിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം പൊലിസിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ സൂക്ഷിച്ച 500 ഗ്രാം കഞ്ചാവ് പിടികൂടിയത്. മഹാരാജ മുൻപും കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റിലായിരുന്നു. മറയൂർ ടൗണിലെ മൊബൈൽ കട കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികൂടിയാണ്. മറയൂർ സി ഐ ബിജോയ് പി. ടി, എസ് ഐ അജിത്ത്, അഡീഷണൽ എസ് ഐ ഷാജഹാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽ ടി ടി, കവിത, സജുസൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.