കുമളി: സമയം രാവിലെ 7.30,​ തമിഴ്‌നാട്ടിലെ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽനിന്ന് ഉദ്ഭവിക്കുന്ന പെരിയാർ മണലാറിനു സമീപം മുല്ലയാറുമായി ചേർന്ന് മുല്ലപ്പെരിയാറായി തടസങ്ങളില്ലാതെ മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒഴുകി. ആശങ്കകളും സംശയങ്ങളും തത്കാലത്തേക്കെങ്കിലും ആശ്വാസത്തിന് വഴിമാറി. അതും ചരിത്രത്തിലാദ്യമായി കേരളത്തിലെ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ജലനിരപ്പ് 138.75 അടി പിന്നിട്ടപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. പെരിയാറിൽ ജലനിരപ്പ് പൊതുവെ കുറവായതിനാൽ കാര്യമായ ആശങ്ക പ്രദേശവാസികൾക്കില്ലായിരുന്നു. എങ്കിലും എത്രമാത്രം ജലം സ്പിൽവേ ഷട്ടർ വഴി തുറന്നുവിടുമെന്ന് അറിയാത്തതിനാൽ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാൽ രാവിലെ ഒമ്പത് മണിയായിട്ടും വള്ളക്കടവ് മേഖലയിൽ പോലും കാര്യമായി ജലനിരപ്പ് ഉയരാതെ വന്നതോടെ ഏവർക്കും ആശ്വാസമായി.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി എല്ലാ സജ്ജീകരണങ്ങളോടെയും സർവ സന്നാഹങ്ങളോടെയുമാണ് ഇടുക്കി ഡാം തുറക്കൽ നേരിട്ടത്. ഇതിന് മുമ്പ് മഹാപ്രളയകാലത്ത് 2018 ആഗസ്റ്റ് 15ന് പുലർച്ചെ 2.30നാണ് ജലനിരപ്പ് 142 അടി പിന്നിട്ടപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ അണക്കെട്ട് തുറന്നത്. അന്ന് 136 അടിയാപ്പോൾ മുതൽ നേരത്തേ മുന്നറിയിപ്പ് നൽകി ഷട്ടർ തുറന്ന് ജലനിരപ്പ് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അത് ചെവിക്കൊള്ളാതെ അനുവദനീയമായ പരമാവധി സംഭരണ ശേഷിയിലെത്തിച്ച് അർദ്ധരാത്രി തമിഴ്‌നാട് 13 ഷട്ടറുകളും ഒരുമിച്ച് തുറക്കുകയായിരുന്നു. ഇതോടെ പെരിയാറിന്റെ തീരങ്ങളിലെ വീടുകളെല്ലാം വെള്ളത്തിലായി. ഈ അനുഭവം മുന്നിലുള്ളതിനാൽ ഇത്തവണ കേരളം നേരത്തെ തന്നെ തമിഴ്‌നാടിനോട് ഡാം തുറക്കുന്നതിന് 24 മണിക്കൂർ മുമ്പ് അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കേരളത്തിന്റെ ആശങ്ക തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ കത്ത് മുഖേന അറിയിച്ചിരുന്നു.. 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ 883 കുടുംബങ്ങളിലെ 3220 പേരെയും കണ്ടെത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 20 ക്യാമ്പുകൾ തുറന്നു.
വെള്ളം ഇടുക്കി ജലാശയത്തിലേയ്ക്ക്

വ്യാഴാഴ്ച വൈകിട്ട് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ ഡാം സന്ദർശിച്ച ശേഷം സ്ഥിതി വിലയിരുത്തി. ഇന്നലെ രാവിലെ 6.45ന് തമിഴ്‌നാട് സംഘം എത്തും മുമ്പ് മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റിനുമടക്കമുള്ള സംഘം ഡാമിലെത്തി. തമിഴ്‌നാട് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ പറഞ്ഞതിലും വൈകിയാണ് എത്തിയതെങ്കിലും ആദ്യമായി കേരള മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടർ തുറന്നു. സെക്കൻഡിൽ 538.16 ഘനയടി ജലം പെരിയാറിലേക്ക് ഒഴുക്കി. വൈകിട്ടോടെ വെള്ളം ഇടുക്കി ജലാശയത്തിലെത്തി.

ആശങ്കുയർത്തി ജലനിരപ്പ് കൂട്ടി

സ്പിൽവേ ഷട്ടറിലൂടെ തമിഴ്നാട് ഒഴുക്കുന്ന ജലത്തിന്റെ അളവ് കൂട്ടിയത് പെരിയാർ തീരദേശവാസികൾക്കിടയിൽ ആശങ്കയ്ക്കിടയാക്കി. രാവിലെ ഡാം തുറക്കുമ്പോൾ രണ്ട് ഷട്ടർ 30 സെന്റിമീറ്റർ വീതം ഉയ‌ർത്തി സെക്കൻഡിൽ 538.16 ഘനയടി ജലമാണ് പുറത്തേക്കൊഴുക്കിയത്. ഈ സമയം ജലനിരപ്പ് 138.75 ആയിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞ് ജലനിരപ്പ് ഉയർന്നതോടെ തുറന്നുവിടുന്ന ജലത്തിന്റെ അളവ് 550 ഘനയടിയാക്കി. എന്നാൽ ഒമ്പത് മണിയോടെ വീണ്ടും ഒരു ഷട്ടർ കൂടി 30 സെന്റി മീറ്റർ തുറന്ന് സെക്കൻഡിൽ 275 ഘനയടി ജലം കൂടി ഒഴുക്കാൻ ആരംഭിച്ചു.കേരളത്തിന്റെ ആവശ്യപ്രകാരമാണ് കൂടുതൽ ജലം തുറന്നുവിടുന്നതെന്ന് പറയുന്നുണ്ടെങ്കിലും പെരിയാർ നിവാസികൾക്ക് ആശങ്കയുണ്ട്. അതേസമയം പെരിയാർ തീരത്തുള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്നും അരയടിമാത്രമേ ജലനിരപ്പ് ഉയരൂവെന്നും അധികൃതർ പറയുന്നു.