ഇടുക്കി: പ്രളയബാധിത മേഖലയിൽ വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് ജില്ലാ വികസനസമിതി യോഗം നിർദേശിച്ചു. ഇത് സംബന്ധിച്ച് ഡീൻ കുര്യാക്കോസ് എം. പിയാണ് യോഗത്തിൽ നിർദേശം മുന്നോട്ട് വെച്ചത്. വാത്തിക്കുടിയിൽ അപകടമേഖലയിൽ താമസിക്കുന്ന 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കണം. 2020 ലെ പ്രകൃതി ക്ഷോഭത്തിൽ കാമാക്ഷി പഞ്ചായത്തിലെ എട്ടംമൈലിൽ രണ്ടുവീടുകൾ പൂർണമായി തകർന്നിരുന്നു. ഈ കുടുംബങ്ങളെ ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ല. ഇവർ വാടക വീടുകളിലാണ് നിലവിൽ കഴിയുന്നത്. ഏഴാം മൈലിൽ മണ്ണിടിഞ്ഞത് ഇതുവരെ നീക്കം ചെയ്തിട്ടില്ല. വണ്ണപ്പുറം ചേലച്ചുവട് റോഡിലെ അപകട വളവിൽ ബാരിക്കേഡ് സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

സമിതി യോഗത്തിൽ ജില്ലാ കളക്ടർ ഷീബാ ജോർജ് അദ്ധ്യക്ഷയായിരുന്നു. എം.പിയെക്കൂടാതെ വാഴൂർ സോമൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു. ജില്ലാ പ്ളാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. കട്ടപ്പന നഗരസഭയിൽ മഴക്കെടുതിയിൽ അനവധി വീടുകൾക്ക് സംരക്ഷണ ഭിത്തി ഇടിഞ്ഞു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ചെയർപേഴ്‌സൺ ബീന ജോബി ആവശ്യപ്പെട്ടു. ജില്ലയിൽ വിവിധ സ്‌കൂളുകളിലായി 12 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. കൊക്കയാറിൽ മൂന്നു സ്‌കൂളുകളിലെ ക്യാമ്പുകൾക്ക് പകരം സംവിധാനം കണ്ടെത്തേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ വായ്പകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംശയങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ലീഡ് ബാങ്ക് മാനേജർ രാജഗോപാൽ അറിയിച്ചു. ടൂറിസ്റ്റ് കേന്ദ്രമായ പരുന്തുംപാറയിൽ മാലിന്യനിർമാർജനത്തിനും പീരുമേട്ടിൽ ഐ.എച്ച്.ആർ.ഡി കോളേജിനു സമീപം ശബരിമല ഇടത്താവളം ഒരുക്കുന്നതിനും സ്ഥലം ആവശ്യമാണെന്ന് ഡി.ടി.പി.സി സെക്രട്ടറി ഗിരീഷ് അറിയിച്ചു.