ഇടുക്കി: ഏറെ നാളത്തെ അടച്ചിടലിനുശേഷം തിങ്കളാഴ്ച്ച ജില്ലയിലെ സ്‌കൂളുകൾ തുറക്കുന്നു. ഇതിന് മുന്നോടിയായി, വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ വകുപ്പുകളുടെനേതൃത്വത്തിൽ വിപുലമായ ശുചീകരണ, മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയായി .

ജനപ്രതിനിധികളുടെനേതൃത്വത്തിലും കളക്ടറുടെനേതൃത്വത്തിലും സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തിരുന്നു. കൊവിഡ്‌പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കുട്ടികളെ ക്ലാസ്സുകളിൽ ഇരുത്തുന്നതു സംബന്ധിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയിട്ടുള്ളതാണ്. ഇതിനാവശ്യമായ തുടർ നിർദ്ദേശങ്ങൾ ജില്ലയിലെ മുഴുവൻ സ്‌കൂൾ, ഹയർ സെക്കന്ററി, വി.എച്ച്.എസ്.ഇ. വിഭാഗം പ്രഥമാധ്യാപകർക്കും, അധ്യാപകർക്കും, പി.ടി.എ. കമ്മറ്റികൾക്കുമായി നൽകിയിട്ടുണ്ട്. ഒന്നു മുതൽ 7 വരെ ക്ലാസ്സുകളിലും 10,ഹയർസെക്കന്ററി ക്ലാസ്സുകളിലുമുള്ള കുട്ടികളാണ് തിങ്കളാഴ്ച്ച പ്രവേശനോത്സവത്തിനായി സ്‌കൂളുകളിൽ എത്തുന്നത്. രക്ഷിതാക്കളുടെ പൂർണ സമ്മതപത്രം സ്വീകരിച്ചുകൊണ്ടാണ് കുട്ടികളെ ക്ലാസ്സിലിരുത്തുന്നത്. കൂടാതെ ബയോബബിൾ സംവിധാനം ഒരുക്കി പരമാവധി സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. സ്‌കൂളിലേക്കയക്കാൻ വിമുഖത പ്രകടിപ്പിക്കുന്ന രക്ഷിതാക്കളുടെ കുട്ടികൾക്ക് പ്രത്യേക ഓൺലൈൻ ക്ലാസ്സുകൾ ബന്ധപ്പെട്ട അദ്ധ്യാപകർ നൽകും.

ധനസഹായം നൽകി

ജില്ലാ പഞ്ചായത്ത് മുഖേന ഒരു ഹൈസ്‌കൂളിന് 5000 രൂപ നിരക്കിൽ അടിയന്തര ആവശ്യങ്ങൾക്കായി നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ എണ്ണം കണക്കാക്കി മുഴുവൻ സ്‌കൂളുകളിലും ഹാന്റ് വാഷ്,സോപ്പ്, ബക്കറ്റ് മുതലായവ വാങ്ങുന്നതിനായി 1500 രൂപ മുതൽ 4000 രൂപ വരെ ധനസഹായമായി ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്.

സ്കൂളുകളൊക്കെ

സ്മാർട്ടായി

ജില്ലയിലെ നിരവധി സ്‌കൂളുകളിൽ പുതിയ ബഹുനില കെട്ടിടങ്ങൾ പണി പൂർത്തീകരിച്ച് കുട്ടികളെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞു. കിഫ്ബി ഫണ്ടിൽ നിർമ്മാണം പൂർത്തീകരിച്ച 5 കോടിയുടെ അഞ്ചും, മൂന്നുകോടിയുടെ നാലും പുതിയ കെട്ടിടങ്ങൾ, കൂടാതെ പ്ലാൻ, നബാർഡ്, ട്രൈബൽ ഫണ്ട്, എം.എൽ.എ. ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവയിലായി നിരവധി പുതിയ കെട്ടിടങ്ങളാണ് സ്‌കൂൾ ക്യാമ്പസുകളിൽ മികച്ച സൗകര്യങ്ങളോടുകൂടി പൂർത്തിയായിട്ടുള്ളത്.കൊവിഡിന് മുൻപ് തങ്ങൾ പഠിച്ചു വന്നിരുന്ന, കാലപ്പഴക്കം ചെന്ന പഴയ കെട്ടിടങ്ങൾക്കു പകരം, കണ്ണഞ്ചിപ്പിക്കുന്ന പുതിയ സ്‌കൂൾ മന്ദിരങ്ങളാണ് വിസ്മയമുയർത്തി കുട്ടികളെ വരവേൽക്കാൻ കാത്തു നിൽക്കുന്നതെന്ന് പൊതുസംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ കെ.എ. ബിനുമോൻ പറഞ്ഞു.

നിരീക്ഷണം ശക്തമാക്കും

സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് നിരീക്ഷണം ശക്തമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. വിദ്യാലയങ്ങളുടെ പരിസരത്ത് നിരത്തുകളിൽ സീബ്ര ലൈനുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിനൊപ്പം ടിപ്പർ ലോറികളുടെ കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാനും നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്തു നിരത്ത് വിഭാഗത്തിനും മോട്ടോർ വാഹന വകുപ്പിനും യോഗം നിർദേശം നൽകി.