തൊടുപുഴ: കാർക്കിനോസ് കാൻസർ സെന്ററിന്റെയും ചാഴികാട്ട് ആശുപത്രിയുടെയും കാഡ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തൊടുപുഴയിൽ കേരളപ്പിറവി ദിനത്തിൽ കാൻസർ നിർമ്മാർജ്ജനയജ്ഞാനത്തിനു തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ ഒന്നിന് രാവിലെ ഒമ്പതിന് വെങ്ങല്ലൂർ- മങ്ങാട്ടുകവല നാലുവരി പാതയിലുള്ള കാഡ്‌സ് വില്ലേജ് സ്‌ക്വയറിലെ കിസാൻ കൾച്ചറൽ സെന്ററിൽ നടക്കുന്ന ആദ്യഘട്ട കാൻസർ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ ചാഴികാട്ട് ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫൻ ആമുഖ സന്ദേശം നൽകും. തൊടുപുഴ നഗരസഭയെ സമ്പൂർണ കാൻസർ നിർമ്മാർജന നഗരസഭയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ തൊടുപുഴ നഗരസഭയിലെ ഒന്നുമുതൽ ആറു വരെയുള്ള വാർഡുകൾക്കാണ് മുൻഗണന. മാസത്തിൽ ആറ് വാർഡുകൾ വീതം ആറുമാസം കൊണ്ട് 35 വാർഡുകളിലും കാൻസർ നിർണയ പരിപാടി പൂർത്തീകരിക്കാനാണ് ഉദ്ദേശം. ഒരു ദിവസം ബോധവത്കരണ ക്യാമ്പിലേക്ക് 150 പേരെയും സ്‌ക്രീനിംഗിന് 40 പേരെയുമാണ് പരിഗണിക്കുന്നത്. കാൻസർ രോഗത്തെ മുൻകൂട്ടി കണ്ടെത്താനും കുറഞ്ഞ ചെലവിലുള്ള വിദഗ്ദ്ധചികിത്സ, പാലിയേറ്റീവ് സപ്പോർട്ട് തുടങ്ങിയവ ലഭ്യമാകുന്നതിലൂടെ രോഗം മെച്ചപ്പെട്ട രീതിയിൽ ഭേദമാക്കാൻ കഴിയുമെന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കാൻസറിനെക്കുറിച്ചുള്ള ശരിയായ ബോധവത്കരണം, കാൻസർ ആരംഭത്തിലുള്ള നിർണയം, സ്‌ക്രീനിങ്, സമ്പൂർണ കാൻസർ ചികിത്സയും പരിചരണവും, ഡേ കെയർ കീമോതെറാപ്പി സപ്പോർട്ട് ഗ്രൂപ്പ് എന്നിവയും നൽകും. ഇന്ത്യയിലെ കാൻസർ ചികിത്സാരംഗത്തെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘത്തിന്റെ സേവനങ്ങളും ആവശ്യാനുസരണം ലഭ്യമാക്കും.