ജില്ലാ പ്രവേശനോത്സവം കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ
തൊടുപുഴ: ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ സ്കൂളുകളിൽ മണിമുഴക്കം. മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സുരക്ഷിത അന്തരീക്ഷം കൂടി ഉറപ്പാക്കുന്ന തിരക്കിലായിരുന്നു ഇന്നലെ വരെ സ്‌കൂൾ അധികൃതർ. ജില്ലയിലെ ഭൂരിഭാഗം സ്‌കൂളിലും സന്നദ്ധ സംഘടനകളുടെയും പി.ടി.എയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതതൃത്വത്തിൽ അണുനശീരണ ജോലികളും ശുചീകരണവും പൂർത്തിയാക്കി. ക്ലാസ് മുറികൾ, പരിസരം, വാട്ടർ ടാങ്ക്, അടുക്കള, കാന്റീൻ, ശുചിമുറി, വാഷ്‌ബേസിൻ, എന്നിങ്ങനെ സ്‌കൂളിന്റെ മുക്കും മൂലയും വരെ ശുചീകരിച്ചു. കൊവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങാൻ ജില്ലാ പഞ്ചായത്ത് എല്ലാ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾക്കും 5,000 രൂപ വീതം നൽകിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ തെർമൽ സ്‌കാനർ, സാനിറ്റെസർ എന്നിവയെല്ലാം സ്‌കൂളുകളിൽ ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ സ്‌കൂൾ പ്രവേശനോത്സവം കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിലായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കട്ടപ്പന നഗരസഭ അദ്ധ്യക്ഷ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഷീബാ ജോർജ് പ്രവേശനോത്സവ സന്ദേശം നൽകും. ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം എന്നിവർ സംസാരിക്കും. ഡി.ഇ.ഒ സെയ്തലവി മങ്ങാട്ടുപറമ്പൻ സ്വാഗതവും സ്‌കൂൾ ഹെഡ്മിസ്ട്രസ് എം. രാജി നന്ദിയും പറയും.
ആരോഗ്യ സംരക്ഷണ സമിതി
ആരോഗ്യ സുരക്ഷാ നടപടികൾ നടപ്പാക്കാനും നിരീക്ഷിക്കാനും സ്‌കൂളുകളിൽ ആരോഗ്യ സംരക്ഷണ സമിതിയുമുണ്ടാകും. പ്രിൻസിപ്പൽ, വാർഡംഗം, പി.ടി.എ പ്രസിഡന്റ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ആശവർക്കർമാർ എന്നിവരാണ് സമിതിയിലുള്ളത്. കുട്ടികളുടെയും അദ്ധ്യാപകരുടെയും നിരീക്ഷണം, അടിയന്തര സാഹചര്യങ്ങളിൽ ഇടപെടൽ, ബോധവത്കരണം, പാകപ്പിഴകൾ എന്നിവയിലൊക്കെ ഇവരുടെ നിർദേശങ്ങളുണ്ടാകും.
എങ്കിലും ആശങ്ക
കുട്ടികളെ സ്‌കൂളിലയക്കാനാണ് എല്ലാവർക്കും ആഗ്രഹമെങ്കിലും കൂട്ടുകാരോടൊപ്പം കുട്ടികൾ കൊവിഡ് മാനദണ്ഡം പാലിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. ചിലരൊക്കെ സ്‌കൂൾ തുടങ്ങി ഒരാഴ്ച നിരീക്ഷിച്ച ശേഷം കുട്ടികളെ എത്തിക്കാമെന്ന നിലപാടിലാണ്. രക്ഷിതാക്കളുടെ സമ്മതത്തോടെയാകണം കുട്ടികളെ സ്‌കൂളിലെത്തിക്കാൻ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
മാർഗ നിർദേശങ്ങൾ പാലിക്കണം
അസുഖമുള്ള കുട്ടികളും സമ്പർക്കമുള്ളവരും സ്‌കൂളിലെത്തേണ്ട
കുട്ടികൾക്ക് ആവശ്യമാണെങ്കിൽ വൈദ്യസഹായം ഉറപ്പാക്കും
വായു സഞ്ചാരമുള്ള മുറികളും ഹാളുകളുമാകണം പഠനമുറി
ക്ലാസുമുറികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം
കുട്ടികൾ ഇടപഴകുന്ന ഇടങ്ങളെല്ലാം അണുവിമുക്തമാക്കണം
ഉചിതമായ സ്ഥലങ്ങളിൽ സോപ്പും വെള്ളവും സ്ഥാപിക്കണം
മാസ്‌ക്, സാനിറ്റെസർ എന്നിവ സ്‌കൂളിൽ ഉണ്ടാകണം
ഓരോ ദിവസവും ക്ലാസ് മുറികൾ അണുവിമുക്തമാക്കണം
കുട്ടികൾ കുടിവെള്ളം വീട്ടിൽ നിന്ന് കൊണ്ടുവരണം
ഏതെങ്കിലും കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ മറ്റ് കുട്ടികളെ മാറ്റി നിർത്തി ഇക്കാര്യം അധികൃതരെ അറിയിക്കണം