 തമിഴ്നാട് പുറന്തള്ളുന്ന ജലത്തിന്റെ അളവ് മൂന്നിരട്ടിയിലേറെ കൂട്ടി

കുമളി: ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് പുറന്തള്ളുന്ന ജലത്തിന്റെ അളവ് മൂന്നിരട്ടിയിലധികമായി കൂട്ടിയതോടെ പെരിയാർ തീരത്ത് വീണ്ടും ആശങ്ക. ഇന്നലെ വൈകിട്ടോടെ മൂന്ന് ഷട്ടറുകൾ കൂടി അധികമുയർത്തി പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 2974 ഘനയടിയാക്കിയതോടെ പെരിയാറിലെ ജലനിരപ്പ് രണ്ടരയടിയായി ഉയർന്നു. മുല്ലപ്പെരിയാറിൽ നിന്ന് ആദ്യം ജലമൊഴുകിയെത്തുന്ന ജനവാസ മേഖലയായ വള്ളക്കടവിലെ ചില വീടുകളുടെ പടിവാതിൽക്കൽവരെ വെള്ളമെത്തി. ഇതോടെ ഇവിടെ താമസിക്കുന്നവരെയെല്ലാം രാത്രിയോടെ ക്യാമ്പുകളിലേക്ക് മാറ്റി. രാത്രി ഇനിയും കൂടുതൽ ജലമൊഴുക്കിയാൽ വീടുകൾ വെള്ളത്തിലാകും.

നിലവിൽ ആകയുള്ള 13 ഷട്ടറുകളിൽ ആറും ഉയർത്തി 2974 ഘനയടി ജലമാണ് പുറന്തള്ളുന്നത്. അതായത് സെക്കൻഡിൽ 84,214 ലിറ്രർ പെരിയാറിലെത്തും. വെള്ളിയാഴ്ച രാവിലെ 7.30ന് 138.75 അടിയിൽ ജലനിരപ്പ് നിൽക്കുമ്പോൾ രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 538.16 ഘനയടി വെള്ളമായിരുന്നു ആദ്യം പെരിയാറിലേക്ക് ഒഴുക്കിയിരുന്നത്. അപ്പോൾ അരയടി പോലും പെരിയാറിൽ വെള്ളമുയർന്നില്ല. എന്നാൽ പിന്നീട് ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ നാല് തവണ പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് തമിഴ്‌നാട് കൂട്ടി. ആദ്യം ഉച്ചയ്ക്ക് രണ്ട് മണിയോടെ 550 ഘനയടിയായി ആദ്യം ഉയർത്തി. പിന്നീട് രാത്രി ഒമ്പതിന് ഒരു ഷട്ടർ കൂടി 30 സെന്റി മീറ്റർ ഉയർത്തി ഒഴുക്കുന്ന ജലം സെക്കൻഡിൽ 832 ഘനയടിയാക്കി. ഇന്നലെ രാവിലെ 11ന് ജലനിരപ്പ് 138.95 അടിയായി ഉയർന്നതോടെ ഇത് ഇരട്ടിയാക്കി അളവ് കൂട്ടി. എന്നിട്ടും ജലനിരപ്പ് കുറയാതെ 139 അടിയോട് അടുത്തതിനെ തുടർന്നാണ് വൈകിട്ട് നാലിന് മൂന്ന് ഷട്ടറുകൾ കൂടി അധികം ഉയർത്തി ഒഴുക്കുന്ന ജലം 2974 ഘനയടിയിലെത്തിച്ചത്. തേക്കടി പെരിയാർ ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ.എ എന്നിവർ വള്ളക്കടവിലെത്തി ജനങ്ങളോട് ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു.

ആശങ്ക വേണ്ട, മുന്നൊരുക്കം നടത്തി

റൂൾ ലെവലായ 138 അടിയിൽ ജല നിരപ്പ് പിടിച്ചു നിറുത്താൻ മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലമൊഴുക്കിയാലും സുരക്ഷിതമായിരിക്കാൻ ജില്ലയിൽ മുന്നൊരുക്കനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തേക്കടി പെരിയാർ ഹൗസിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പഞ്ചായത്ത് ജാഗ്രതാ സമിതികൾ ബോധവത്കരണത്തിന് രംഗത്തുണ്ട്. എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്‌സ് എന്നിവർ കൂടുതൽ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് ജലനിരപ്പ് ഉയരുന്നതിന്റെ കൃത്യമായ ജാഗ്രതാ നിർദ്ദേശം മുൻകൂട്ടി നൽകുന്നുണ്ട്. തുറക്കുന്നതിന് മുൻപ് അനുമതിയും തേടുന്നുണ്ട്. നമ്മുടെ നിലപാട് അംഗീകരിച്ച് തമിഴ്‌നാട് സഹകരിക്കുന്നുണ്ട്. വൈകിട്ട് ആറിന് തമിഴ്നാട് കൂടുതൽ ഷട്ടറുകൾ ഉയർത്താനിരുന്നത് കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നാലിനാക്കിയെന്നും മന്ത്രി പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ.എ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടേൽ, അഴുത ബ്ലോക്ക് പ്രസിഡന്റ് പി.എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീറണാംകുന്നേൽ, വണ്ടിപ്പെരിയാർ, ഉപ്പുതറ, കുമളി, അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റുമാർ, ജലസേചന ചീഫ് എൻജിനിയർ അലക്‌സ് വർഗീസ് ജില്ലാതല നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സ്കൂളുകൾ തുറക്കില്ല

പുഴയുടെ സമീപത്ത് ക്യാമ്പുകളായിട്ടുള്ള സ്‌കൂളുകൾ ഒന്നാം തീയതി തുറക്കേണ്ടതില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

ജലനിരപ്പ് ഉയർന്ന് തന്നെ

138.95 അടിയായി മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന് നിൽക്കുകയാണ്. സെക്കൻഡിൽ 4463 ഘനയടി ജലമാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. സെക്കൻഡിൽ 2340 ഘനയടിയാണ് തമിഴ്‌നാട് ടണൽ വഴി വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്. അതേസമയം മുല്ലപ്പെരിയാറിലെ ജലമൊഴുകിയെത്തുന്ന ഇടുക്കി അണക്കെട്ടിലും നിലവിൽ ജലനിരപ്പിൽ മാറ്റമില്ല. ഇന്നലെ രാവിലെ 2390.30 അടിയായിരുന്ന ജലനിരപ്പ് രാത്രി 2390.28 അടിയായി. മുല്ലപ്പെരിയാറിൽ നിന്ന് അധിക ജലമെത്തിയാൽ ഒരടി വരെ ജലനിരപ്പ് ഉയർന്നേക്കാം. വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി ഇന്നലെ കുറഞ്ഞതിനാലും നാളെ പുതിയ റൂൾകർവ് വരുമെന്നതിനാലും ഉടൻ ഇടുക്കി തുറക്കേണ്ടി വരില്ലെന്നാണ് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണക്ക് കൂട്ടൽ.

മുല്ലപ്പെരിയാറിന് പ്രത്യേക എക്സിക്യൂട്ടീവ് എൻജിനിയർ
മുല്ലപ്പെരിയാർ ഡാമിന് പൂർണ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എൻജിനീയറെ നിയമിക്കും. കൃത്യമായ കാലയളവിൽ മുല്ലപ്പെരിയാർ ഡാമിലെത്തി നിരീക്ഷണം നടത്തുന്നതിന് ജലസേചന വകുപ്പ് ബോട്ടും വാങ്ങി സൗകര്യം ഒരുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. വനം വകുപ്പിന്റെ ബോട്ടാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. വനം വകുപ്പിന്റെ ബോട്ട് ആവശ്യമുള്ളപ്പോഴെടുക്കാമെങ്കിലും ജലസേചന വകുപ്പ് ബോട്ട് വാങ്ങാൻ തീരുമാനിച്ചത് അന്വേഷണവും നിയന്ത്രണവും വർദ്ധിപ്പിക്കാൻ വേണ്ടിയാണ്. കുമളിയിലും വണ്ടിപ്പെരിയാറിലും നിരീക്ഷണം വർദ്ധിപ്പിക്കും.

'ഇന്നലത്തേക്കാൾ വെള്ളം വളരെ ഉയർന്നു. ഇനിയും വെള്ളം തുറന്ന് വിട്ടാൽ വീട്ടിൽ വെള്ളം കയറും. അതിനാൽ പ്രായമായ മാതാപിതാക്കളെയുമായി ക്യാമ്പിലേക്ക് മാറുകാണ്"-കുമാരൻ (വള്ളക്കടവ് സ്വദേശി)​