തൊടുപുഴ: അറക്കുളം പഞ്ചായത്തിലെ അശോകക്കവല മുതൽ മൂലമറ്റം വരെയുള്ള റോഡ് ആധുനിക രീതിയിൽ നവീകരിക്കാൻ പദ്ധതി. പദ്ധതി നടത്തിപ്പിന് സർക്കാർ 2.50 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ വ്യക്തമാക്കി. അശോകക്കവല മൂലമറ്റം കെ.എസ്.ആർ.ടിസി ഡപ്പോ വരെയുള്ള ഭാഗമാണ് ബി.എം.ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിലുള്ള പെട്ടിക്കടകളും മറ്റും നീക്കം ചെയ്തിട്ടുണ്ട്. റോഡരികിൽ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യത്തോടെയുള്ള വിശാലമായ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
മൂലമറ്റം ടൗണനോട് അവഗണ
മൂലമറ്റം ടൗൺ തൊടുപുഴ പുളിയന്മല റോഡിന്റെ ഭാഗമാണെങ്കിലും മാറി മാറി ഭരിച്ച സർക്കാരുകൾ എക്കാലവും മൂലമറ്റം ടൗണിനെ അവഗണിച്ചു. സംസ്ഥാന പാതയുടെ ഭാഗമായി ഇവിടം പരിഗണിക്കാൻ ആർക്കും താത്പര്യം ഇല്ലായിരുന്നു. തൊടുപുഴയിൽ നിന്ന് ആരംഭിക്കുന്ന റോഡ് അശോക ജംഗ്ഷനിൽ തിരിഞ്ഞ് ഇടുക്കി ഭാഗത്തേക്കാണ് സംസ്ഥാന പാതയിലുൾപ്പെടുത്തിയിട്ടുള്ളത്. ഈ റോഡ് റബറൈസ്ഡാക്കിയപ്പോഴും മൂലമറ്റം റോഡ് പഴയ പടി തുടർന്നു. റോഡിന്റെ നിർമ്മാണത്തിലെ അപാകത അശോക മുതൽ മൂലമറ്റം വരെയുള്ള യാത്രയിൽ അനുഭവപ്പെട്ടിരുന്നു. വർഷങ്ങളായിട്ട് ഇവിടെ ടാറിംഗ് ഇളകി കുഴികളായി. സെന്റ് ജോർജ്ജ് സ്‌കൂൾ മുതൽ മിക്കവാറും സ്ഥലങ്ങളിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയാണ്. മഴ ശക്തമായാൽ റോഡിലകമാനം വെള്ളക്കെട്ട് നിറയും. പതിവായുണ്ടാകുന്ന കുഴികളും മറ്റും നാട്ടുകാരും ടാക്‌സി, ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് നികത്തിയിരുന്നത്.
പദ്ധതിയിൽ ചെയ്യുക
റോഡ് ആധുനിക രീതിയിൽ നവീകരണം
രണ്ട് വശങ്ങൾ കോൺക്രീറ്റ്/ ടൈൽസ് പാകൽ
വെള്ളക്കെട്ടുകൾ ഇല്ലാതാക്കൽ
വെള്ളം ഒഴുകാൻ ഓടകളുടെ നവീകരണം
പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റി സ്ഥാപിക്കൽ
നടപ്പാത നിർമ്മാണം
സീബ്രാ ലൈനുകൾ സ്ഥാപിക്കൽ
അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ