നെല്ലാപ്പാറ: തൊടുപുഴ- പാലാ റോഡിലെ നെല്ലാപ്പാറ ഭാഗത്ത് വീണ്ടും അപകടം. മണിമലയിൽ നിന്ന് അങ്കമാലിക്ക് പോയ പിക്കപ് വാനാണ് ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ തിട്ടയിലിടിച്ച് മറിഞ്ഞത്. ഇന്നലെ രാവിലെ 7.30ന് നെല്ലാപ്പാറ ആനപ്പാറ വളവിലായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് വന്ന ലോറി വളവിലെ കുഴി ഒഴിവാക്കി വലതുവശത്ത് കൂടി വന്നപ്പോൾ എതിരെ ഇടതുവശം ചേർന്ന് വന്ന പിക്കപ്പ് വാൻ കടന്നുപോകാൻ സ്ഥലം കിട്ടാതെ വെട്ടിച്ച് തിട്ടയിലിടിച്ച് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എത്രയും പെട്ടെന്ന് ഈ റോഡിൽ രൂപപ്പെട്ടിരിക്കുന്ന വളവുകളിലെ കുഴികൾ അടച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.