ഐക്യകേരളത്തിന് ഇന്ന് 65 വയസ് പൂർത്തിയാകുന്നു. തുടർച്ചയായ പ്രളയങ്ങളും വിട്ടുപോകാൻ മടിച്ചുനിൽക്കുന്ന കൊവിഡ് മഹാമാരിയും നൽകുന്ന ആശങ്കകൾക്കിടയിലും കേരളത്തിന് ഇത് ഉയിർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷകളുടെയും ജന്മവാർഷികമാണ്. നവോത്ഥാനം സൃഷ്ടിച്ച നവമലയാളിയുടെ രാഷ്ട്രീയ ഭൂപടമാണ് കേരളം. പൊയ്‌പ്പോയ മാമൂലുകളുടെയും അനാചാരങ്ങളുടെയും തിരിച്ചു വരവിനെ പ്രതിരോധിച്ച് 65-ാം വർഷവും അത് വിജയിച്ചു നിൽക്കുന്നു. മതഭ്രാന്തിനെയും വർഗീയതയെയും ചെറുത്ത് തോൽപ്പിച്ച് മാനവികതയുടെ തുരുത്താകുന്നു. ഐതിഹ്യങ്ങളും മിത്തും ചരിത്രങ്ങളും കൂടിക്കുഴഞ്ഞ കേരളം ഒന്നായത് ഒടുവിൽ മലയാളഭാഷയുടെ പേരിലാണ്. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് ഒരു സംസ്ഥാനം, അങ്ങനെയാണ് കേരളത്തിന്റെ പിറവി. രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച് ഒമ്പത് വർഷത്തിനുശേഷം 1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകൃതമായത്. ഐക്യകേരളത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടത്തിനൊടുവിലായിരുന്നു അത്. തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളും മലബാറും ചേർത്ത് ആ നവംബർ ഒന്നിന് മലയാളി അതിന്റെ ഭൂപടം വരച്ചു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി. നിലവിൽ 20 ലോക്‌സഭാ മണ്ഡലങ്ങളും 140 നിയോജകമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് കേരളം. തൊടുപുഴയടക്കമുള്ല കൊച്ചുപട്ടണങ്ങളുടെ നഗരവത്കരണത്തിലും കേരളം വലിയ മുന്നേറ്റം നടത്തി.

സംസ്ഥാനം പിറവിയെടുക്കുമ്പോൾ പകുതിയിലധികം ജനങ്ങളും കർഷകരായിരുന്നു. കേരവൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ വിശാലമായ പറമ്പുകളും പച്ചപ്പട്ടുടുത്ത് നിൽക്കുന്ന വയലേലകളും കാടും പുഴയും മാമലകളും കടലും ഒക്കെയുള്ള സുന്ദര ഭൂമി. ഇന്ന് കേരളത്തിന്റെ ഖ്യാതി ലോകമെമ്പാടും എത്തി. ആറരപതിറ്റാണ്ടിനിപ്പുറം മലയാളിയെ എണ്ണാനൊരുങ്ങിയാൽ അത് ലോകം മുഴുവൻ വേണ്ടിവരും. ഒരു നൂറ്റാണ്ട് മുമ്പ് തുടങ്ങിയ സാമൂഹിക നവോത്ഥാനം തുടർപ്രക്രിയ ആയപ്പോഴാണ് കേരളത്തിന്റെ മാതൃക കേൾവികേട്ടത്. പിന്നീട് സമ്പൂർണ സാക്ഷരതയിലൂടെയും കേരളം രാജ്യത്തിന് മാതൃകയായി. ആറര പതിറ്റാണ്ട് നീണ്ട കാലത്തിനിടയിൽ വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം തുടങ്ങിയ ഒട്ടേറെ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയായി കേരളം മാറി. സാമൂഹ്യ പുരോഗതിയിലും കലാകായികസാംസ്‌കാരിക മേഖലകളിലും കേരളം മുൻനിരയിൽ നിൽക്കുന്നു. ഹരിതാഭമാർന്ന പ്രകൃതിഭംഗി ലോകത്തെ ഇവിടേക്ക് ആകർഷിച്ചുകൊണ്ട് ടൂറിസം മേഖലയിലും കേരളം ഒന്നാമതാണ്.