ഇടുക്കി: കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് സാധ്യമായ രീതിയിലുള്ള എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്ത് നിന്ന് നൽകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷിനാശത്തിന്റെ കൃത്യ മായ കണക്കെടുപ്പ് നടത്തുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങൾ കർഷകർക്ക് ഓൺലൈനായോ, അക്ഷയകേന്ദ്രങ്ങൾ, കൃഷിഭവനുകൾ എന്നിവ മുഖേനയോ രേഖപ്പെടുത്തുന്നതിനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതിനും സൗകര്യമുണ്ട്. കൃഷിനാശമുണ്ടായി 10 ദിവസത്തിനകം തന്നെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ബന്ധപ്പെട്ട അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം തന്നെ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി അർഹമായ ആനുകൂല്യത്തിനുള്ള ശുപാർശ സർക്കാരിലേക്ക് കൈമാറുന്നതായിരിക്കും. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിട്ടുണ്ട്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും കൃഷിവകുപ്പ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കൃഷി മന്ത്രിയുടെ ആഫീസ് കേന്ദ്രീകരിച്ചു കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും കൃഷി ഭൂമിക്കുണ്ടായ കേടുപാടുകൾ തീർത്ത് അവയെ പൂർവ നിലയിലാക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ ആവിഷ്‌കരിക്കും. മണ്ണു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുവേണ്ട പ്രവർത്തനങ്ങൾ ആലോചിച്ചു തീരുമാനിക്കും. തൊഴിലുറപ്പ് പദ്ധതിയെ ഈ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനുള്ള സാധ്യത സർക്കാർതലത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വാഴൂർ സോമൻ എം.എൽ.എ മന്ത്രിയോട് ആവശ്യപ്പെട്ടു.
ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ കൊക്കയാർ, അമലഗിരി, നിർമലഗിരി, നാരകംപുഴ, പൂവഞ്ചി, കൊടികുത്തി എന്നീ പ്രദേശങ്ങൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കൊക്കയാർ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. വാഴൂർ സോമൻ എം.എൽ.എ, കാഞ്ഞിരപ്പള്ളി എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ എന്നിവരും ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.