കുമളി: മന്ത്രിമാരായ റോഷി അഗസ്റ്റിനും പി. പ്രസാദും ഇന്നലെ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചു. മുല്ലപ്പെരിയാർ പ്രശ്‌നം സംസ്ഥാന സർക്കാർ ഏറെ ഗൗരവത്തോടെ കാണുന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്ന നിലയിൽ സന്ദർശനത്തിനെത്തിയതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ജലനിരപ്പ് റൂൾ ലെവലായ 138 അടിയിലേക്ക് തമിഴ്നാട് എത്തിക്കേണ്ടതായിരുന്നു. എന്നാൽ എത്തിച്ചിട്ടില്ല. കേരളത്തിന്റെ താത്പര്യം സംരക്ഷിച്ച് തമിഴ്‌നാടിന്റെ കാർഷിക ആവശ്യത്തിന് വെള്ളം നൽകുന്നതിന് കേരളം എതിരല്ലെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിൽ നിന്ന് 7000 ഘന അടി ജലം വരെ തുറന്നു വിട്ടാൽ പോലും സുരക്ഷിതമായി തുടരുന്നതിനുള്ള ക്രമീകരണമാണ് ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറ‍ഞ്ഞു. വള്ളക്കടവ് വരെയുള്ള സ്ഥലങ്ങളിലെ ജലവിതാനവും ദിവസങ്ങളായി നിരീക്ഷിക്കുന്നുണ്ട്. വരുന്ന ദിവസങ്ങളിലും പരിശോധന തുടരും. പുഴയിലെ മുന്നറിയിപ്പ് നിരപ്പിലേക്ക് ഒരു മീറ്ററും അപായ നിരപ്പിലേക്കെത്താൻ രണ്ട് മീറ്ററും ജലനിരപ്പുയരണം. മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി കെ.രാജനും കൃത്യമായ ഇടവേളകളിൽ ഫോണിൽ വിളിച്ച് സ്ഥിതിഗതി അന്വേഷിക്കുന്നുണ്ട്. മുല്ലപ്പെരിയാർ നിരീക്ഷണത്തിന് ജലസേചന വകുപ്പ് ബോട്ട് ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട് പൊതുമരാമത്ത് ചീഫ് എൻജിനീയർ കൃഷ്ണൻ തേക്കടിയിലെത്തി തുടർ നടപടി ചർച്ച നടത്തി. ജലസേചന വകുപ്പ് ചീഫ് എൻജിനീയർ (ഐ.എസ്.ഡബ്ല്യു) അലക്‌സ് വർഗീസ്, ഇടുക്കി ചെറുകിട ജലസേചന എക്‌സിക്യൂട്ടീവ് എൻജിനീയർ എം.പി. ഹരികുമാർ എന്നിവർ മന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.