തൊടുപുഴ: ഇടുക്കി പദ്ധതിയുടെ മൂലമറ്റം വൈദ്യുത നിലയത്തിലെ തകരാറിലായിരുന്ന മൂന്നാം നമ്പർ ജനറേറ്റർ നന്നാക്കി. ഈ മാസം അഞ്ചിനാണ് ബാലൻസിങ് പ്രശ്‌നം മൂലം ജനറേറ്റർ ഷട്ട്ഡൗൺ ചെയ്തത്. ജലനിരപ്പ് ഉയർന്ന് ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായിട്ടും പണി പൂർത്തിയാക്കി ഈ ജനറേറ്റർ സർവീസിലിടാനായില്ല. ഇതുമൂലം കെ.എസ്.ഇ.ബി ക്ക് ഏറെ പഴികേൾക്കേണ്ടി വന്നിരുന്നു. 250 ടണ്ണോളം ഭാരം വരുന്ന ജനറേറ്റർ കറങ്ങുമ്പോൾ പ്രധാനഭാഗമായ ഷാഫ്‌റ്റിനുണ്ടായ ബാലൻസിങ് പ്രശ്‌നമാണ് തകരാറിന് കാരണമായത്. നേരത്തെ തന്നെ ചെറിയ തോതിൽ പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും ഇത് കാര്യമാക്കാതെ ഉപയോഗം തുടരുകയായിരുന്നു. പിന്നീട് വാർഷിക അറ്റകുറ്റപണിയിലുണ്ടായിരുന്ന ഒന്നാം നമ്പർ ജനറേറ്റർ പ്രവർത്തനം ആരംഭിച്ചതോടെയാണ് മൂന്നാം നമ്പർ ഷട്ട് ഡൗൺ ചെയ്തത്.
കാറുകളുടെ വീൽ ബാലൻസിങിന് സമാനമായി തന്നെയാണ് ജനറേറ്ററും ബാലൻസ് ചെയ്യേണ്ടത്. അതീവ സങ്കീർണ്ണമായ പ്രവൃത്തിയാണിത്. ഓരോ തവണയും ഭാരവ്യത്യാസമുള്ള സ്ഥലം കണ്ടെത്തി ഇവിടെ ആവശ്യമായ ഭാരം ചേർത്ത ശേഷം ജനറേറ്റർ പ്രവർത്തിപ്പിച്ച് നോക്കിയാണ് പ്രശ്‌നം പരിഹരിക്കുന്നത്. ചെറിയ ഭാര വ്യത്യാസം പോലും ജനറേറ്റർ പ്രവർത്തനത്തെ സാരമായി ബാധിക്കും. ഇതാണ് അറ്റകുറ്റപണി നീണ്ടുപോകാൻ കാരണമായത്. ശനിയാഴ്ച മുതലാണ് ജനറേറ്റർ പ്രവർത്തനം പുനരാരംഭിച്ചത്. ആറ് ജനറേറ്ററുകളും പ്രവർത്തനക്ഷമമായതോടെ ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ഉത്പാദനം 16 ദശലക്ഷം യൂണിറ്റിലേക്കുയർത്തി.