കൂത്തുപറമ്പ്: പൊതുവെ ആരും കൈവെക്കാൻ മടിക്കുന്ന ക്ലാസിക്കൽ ജിംനാസ്റ്റിക്കിൽ ശ്രദ്ധേയയായി കതിരൂർ തരുവണ തെരുവിലെ പതിനാല് വയസ്സുകാരി ടി. വൈഗ. കഴിഞ്ഞ ഒരു വർഷത്തോളമായി യു ട്യൂബിൽ നിന്ന് പഠിച്ചെടുത്താണ് ഏറെ കഠിനമായി അദ്ധ്വാനിക്കേണ്ടുന്ന ഈ സാഹസിക കായികയിനത്തെ വൈഗ വരുതിയിലാക്കിയത്.
ശക്തിയും ശരീരവടിവും ചലനനിയന്ത്രണവും വേഗതയും ഏറെ വേണ്ടിവരുന്ന കായികയിനമാണ് ജിംനാസ്റ്റിക്സ്
മനസ്സിനൊപ്പം ഇന്ദ്രിയങ്ങളും മനസുവെക്കണം. ചിട്ടയായ പരിശീലനത്തിലൂടെ ജിംനാസ്റ്റിക്സിലെ മിക്ക ഇനങ്ങളും ഇപ്പോൾ വൈഗ വശത്താക്കിയിരിക്കുകയാണ്. എന്നാൽ ജിംനാസ്റ്റിക്കെന്നാണോ, യോഗയെന്നണോ, കളരിയെന്നാണോ, ഡാൻസെന്നാണോ ഈ സാഹസിക കലാപ്രകടനത്തെ വിളിക്കേണ്ടതെന്ന് പോലും ഈ കുരുന്നിനറിയില്ല. ഈ രംഗത്ത് കൂടുതൽ ശാസ്ത്രീയമായ അറിവുകൾ നേടണമെന്ന ആഗ്രഹവും വൈഗയ്ക്കുണ്ട്.
ജിംനാസ്റ്റിക് പരിശീലനത്തോടൊപ്പം ചിത്രകലയിലും വൈഗ കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രകൃതിയും പക്ഷികളും, കിളിക്കൂടുമെല്ലാമാണ് കാൻവാസിൽ ഇടം പിടിച്ചിട്ടുള്ളത്. ചുമർചിത്രങ്ങളിലാണ് കൊച്ചുകലാകാരിക്ക് ഏറെ താൽപ്പര്യം. തരുവണ തെരുവിലെ ലക്ഷ്മീദീപത്തിൽ ഇ. പ്രദീപന്റെയും ടി. സിന്ധുവിന്റെയും മകളായ വൈഗ കതിരൂർ ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യർത്ഥിനിയാണ്.