tourism
പൈതൽമല

കണ്ണൂർ: ടൂറിസം സർക്യൂട്ടിന്റെ വികസനവുമായി ബന്ധപ്പെട്ട് ടൂറിസം വനം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്ന് പൈതൽമല – പാലക്കയംതട്ട് - കാഞ്ഞിരക്കൊല്ലി പ്രദേശങ്ങൾ സന്ദർശിക്കും. ജോൺ ബ്രിട്ടാസ് എം.പിയുടെ അഭ്യർത്ഥന പ്രകാരം വനംടൂറിസം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതലയോഗ തീരുമാനപ്രകാരമാണ് ഉദ്യോഗസ്ഥതല സന്ദർശനം.

ഉത്തരമലബാറിന്റെ വിനോദസഞ്ചാരമേഖലയിൽ ഈ സർക്യൂട്ടിന്റെ വികസനം വലിയ കുതിപ്പിന് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. പൈതൽമല ടൂറിസം പദ്ധതിക്ക് അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രമുണ്ടെങ്കിലും ഇന്നും പ്രാഥമിക സൗകര്യങ്ങൾ പോലുമായില്ല. വനംവകുപ്പിന്റെ പൂർണ സഹകരണത്തോടെ സ്വാഭാവിക വനത്തിന് ഭംഗം നേരിടാതെ പൈതൽമല നവീകരണം നടപ്പിലാക്കാനാണ് സർക്കാറിന്റെ തീരുമാനം. പ്രവേശന സംവിധാനങ്ങൾ, ട്രക്കിംഗ് പാത്ത് വേകൾ, ശുചിമുറികൾ, പാർക്കിംഗ് സൗകര്യങ്ങൾ, ഇക്കോ ഷോപ്പുകൾ, വാച്ച് ടവർ, വ്യൂ പോയിന്റ് നാമകരണം, കുറിഞ്ഞിപൂക്കൾ ഉൾപ്പെടെയുള്ള ജൈവവൈവിധ്യങ്ങളുടെ സൂചകങ്ങൾ തയ്യാറാക്കൽ, ബൈനോക്കുലർ സംവിധാനം, ടൂറിസം റിസോർട്ട് പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങൾ ഉടൻ ഏറ്റെടുത്ത് നടപ്പിലാക്കും.

ദീർഘകാലാടിസ്ഥാനത്തിൽ രൂപരേഖ

കാരവാൻ പദ്ധതി, ടെന്റുകൾ, ഹട്ടുകൾ, റോപ്പ് വേ

പാലക്കയംതട്ടിലേക്കുള്ള റോഡുകളുടെ നവീകരണം

റൈൻ ഹട്ടുകൾ,കേബിൾ കാർ പദ്ധതി

പ്രവർത്തനരഹിതമായ സോളാർ ലൈറ്റുകളുടെ പുനഃസ്ഥാപനം

പ്രവേശന കവാടങ്ങളുടെ നിർമ്മാണം

ശുചിമുറികൾ, ടവറുകൾ

സുരക്ഷാ വേലി സ്ഥാപിക്കൽ

കുഴൽകിണർ നിർമാണം, നടപ്പാത നിർമാണം

പൊലീസ് എയ്ഡ് പോസ്റ്റുകൾ

വനംവകുപ്പ് നിലപാട് നിർണായകം

ഇരുകേന്ദ്രങ്ങളുടെയും വികസനത്തിൽ വനംവകുപ്പിന്റെ അനുമതികൾ നിർണായകമാണ്. നേരത്തെ വനംമന്ത്രി എ.കെ. ശശീന്ദ്രനുമായി ബ്രിട്ടാസ് എം.പിയും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സ്ഥിതിഗതികൾ പഠിക്കാൻ വിദഗ്ദ്ധസംഘത്തെ നിയോഗിച്ചത്. പാലക്കയം തട്ടിലെത്തുന്ന സംഘം സ്ഥിതിഗതികൾ പഠിച്ച് നിർദേശങ്ങൾ രൂപപ്പെടുത്തും. ടൂറിസം സർക്യൂട്ടിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാകുന്ന അനുബന്ധ സ്ഥലങ്ങളുടെ വികസനം, പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തൽ തുടങ്ങിയവയും ഉദ്യോഗസ്ഥസംഘത്തിന്റെ പരിഗണനയിലുണ്ട്. ബ്രിട്ടാസ് എം.പിയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയും ഉദ്യോഗസ്ഥസംഘവുമായി ചർച്ച നടത്തും.