pakalveed

വാർദ്ധക്യത്തിന് ഇവിടെ രണ്ടാം യൗവ്വനം

കണ്ണൂർ: നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുമായിരുന്ന വാർദ്ധക്യത്തിന് ന്യൂജെൻ പരിവേഷം നൽകുകയാണ് കണ്ണൂർ ചിറക്കലിലെ ഒരു സംഘം വൃദ്ധർ. പുതിയാപ്പറമ്പിലെ രാജാസ് കാന്റീന് സമീപത്തൊരുക്കിയ ഹൗസ് ബോട്ട് മാതൃകയിലുള്ള ന്യൂജൻ പകൽവീടാണ് ഇവരുടെ ജീവിതം ആഘോഷമാക്കുന്നത്.

40 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ ചിറക്കൽ സ്വദേശിയായ 70 കാരൻ വി.സുരേഷ് ചന്ദ്രൻ ഭാര്യ വാസന്തിക്കൊപ്പം 30 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്.തിരിച്ചുപോകാൻ കഴിയാതെ വീട്ടിലകപ്പെട്ടു ക‍ഴിയുന്നതിനിടെയാണ് പകൽ വീട്ടിലെത്തിയത്. റിട്ടയർമെന്റ് ജീവിതത്തിന് ശേഷം ജീവിതം ശൂന്യമായവർ പരസ്പരം സ്നേഹിച്ചും പഴയ ഓർമ്മകൾ പങ്കു വച്ചും ആഹ്ളാദപൂർവം കഴിയുകയാണിവിടെ. സമപ്രായക്കാർ തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും സമയം ചെലവിടുന്നു. അടുത്ത ദിവസം കാണാമെന്ന് പറഞ്ഞാണ് ഉച്ച തിരിയുന്നതോടെ അവർ വീടുകളിലേക്ക് മടങ്ങുന്നത്.

ഒറിജിനലിനെ വെല്ലും

ഈ ഹൗസ് ബോട്ട്

ചിറക്കൽ റസിഡന്റ്സ് അസോസിയേഷന്റെ (ചിറ)നേതൃത്വത്തിലാണ് പകൽ വീട് .ആലപ്പുഴയിലെ ഹൗസ് ബോട്ട് കൺസ്ട്രക്ഷൻ എൻജിനീയർ സി.പി.ലാലുവിന്റേതാണ് ഡിസൈൻ.ഏഴര ലക്ഷമാണ് ആകെ ചെലവ്.പുറത്ത് നിന്ന് നോക്കിയാൽ ഒറിജിനൽ ഹൗസ് ബോട്ട് .അകത്ത് കയറിയാലും വലിയ വ്യത്യാസമില്ല .മനോഹരമായ ചെടികളും കരകൗശല വസ്തുക്കളും കൊണ്ട് അലങ്കരിച്ചതാണ് അകം. വായിക്കാനും ടി.വി കാണാനും പ്രത്യേക സൗകര്യം. പുറത്ത് ബെഞ്ചിലിരുന്നും വായിക്കാം. മുകളിലെ നിലയിലും ഇരിക്കാം .വൈകിട്ട്, പ്രദേശത്തെ സ്ത്രീകൾക്ക് ഒത്തുചേരാനും സൗകര്യമുണ്ട്.

'പ്രദേശത്തെ 138 വീട്ടുകാർ ചേർന്നാണ് പകൽവീടെന്ന ആശയം കൊണ്ടു വന്നത്. ഇവരെല്ലാം ഇപ്പോൾ ഒരു കുടുബം പോലെയാണ്'.

-പി.വി. രാംദാസ്,​

പ്രസിഡന്റ്