കണ്ണൂർ: 23ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി ജില്ലയിലെ സി.പി.എം ലോക്കൽ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം. 225 ലോക്കലുകളാണ് ജില്ലയിലുള്ളത്. 18 ഏരിയാ സമ്മേളനങ്ങൾ നവംബറിൽ നടക്കും. ഡിസംബർ 10മുതൽ 12 വരെ തീയതികളിൽ മാടായി എരിപുരത്താണ് ജില്ലാസമ്മേളനം.
അടിസ്ഥാന ഘടകമായ ബ്രാഞ്ചുകളിൽ സമ്മേളനങ്ങൾ ഏറെക്കുറെ പൂർത്തിയായി. 3838 ബ്രാഞ്ചുകളിൽ സമ്മേളനം ബാക്കിയുള്ളത് 78 ഇടത്ത് മാത്രമാണ്. കൊവിഡ് കാരണമാണ് സെപ്തംബർ മുപ്പതിനകം തീരേണ്ട ഈ സമ്മേളനങ്ങൾ മാറ്റിയത്. ആറ് ഏരിയകളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി.
പ്രാദേശിക വിഷയങ്ങൾ തൊട്ട് വിവാദസിലബസ് വരെ
61,668 അംഗങ്ങൾ പങ്കെടുത്ത ബൃഹത്തായ ഉൾപ്പാർടി ചർച്ചകളാണ് ബ്രാഞ്ച് സമ്മേളനത്തോടെ പൂർത്തിയാകുന്നത്. കണ്ണൂർ സർവ്വകലാശാലയിലെ വിവാദ സിലബസ് മുതൽ പ്രാദേശിക വിഷയങ്ങൾ വരെ സമ്മേളനങ്ങളിൽ ചർച്ചയായി. വർഗീയ പാഠഭാഗങ്ങൾ സിലബസ്സായി വന്നതിൽ സർവ്വകലാശാലാ അധികൃതരുടെ ഭാഗത്ത് നിന്നു വേണ്ടത്ര ജാഗ്രതയില്ലാത്തതു കൊണ്ടാണെന്ന് ചർച്ചകളിൽ ആരോപണമുയർന്നു. പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തെങ്കിലും പൂർണതോതിൽ സർക്കാർ സേവനം രോഗികൾക്ക് കിട്ടുന്നില്ലെന്ന പരാതിയും സമ്മേളനങ്ങളിൽ ഉയർന്നു.
കഴിഞ്ഞ സമ്മേളന കാലയളവിൽ നടന്ന വിവിധ പ്രവർത്തനങ്ങളെ ഇഴകീറി പരിശോധിച്ചാണ് സമ്മേളനങ്ങൾ മുന്നോട്ടുനീങ്ങിയത്. സാർവദേശീയ സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള ഗഹനമായ വിലയിരുത്തലുകളും ചർച്ചയും മറുപടികളും ഉണ്ടായി. അടിസ്ഥാനഘടകത്തെ നയിക്കാൻ സെക്രട്ടറിയെയും ലോക്കൽ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്താണ് ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായത്.
സമ്മേളനങ്ങളിൽ അംഗങ്ങൾക്ക് മാത്രമാണ് പ്രവേശനമുള്ളതെങ്കിലും പാർട്ടി കുടുംബാംഗങ്ങളെ കുടുംബയോഗങ്ങളും പ്രഭാഷണങ്ങളും വെബിനാറുകളും ടേബിൾടോക്കും കലാസാഹിത്യ മത്സരങ്ങളുമടക്കമുള്ള അനുബന്ധ പരിപാടികളിൽ പങ്കെടുപ്പിച്ച് ബഹുജന പങ്കാളിത്തവും പാർട്ടി ഉറപ്പാക്കുന്നുണ്ട്. നാലുലക്ഷത്തോളം പേർ ഇത്തരത്തിൽ സമ്മേളനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ .
139 ബ്രാഞ്ചുകളെ നയിക്കാൻ വനിതകൾ;
സെക്രട്ടറിമാരായി മൂന്ന് ദമ്പതികളും
3760 സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ 139 ബ്രാഞ്ചുകളിൽ സെക്രട്ടറിമാർ വനിതകളാണ്. പാനൂർ 15, പെരിങ്ങോം 15, ശ്രീകണ്ഠപുരം14, ഇരിട്ടി12, പേരാവൂർ10 എന്നീ ഏരിയകളിലാണ് കൂടുതൽ വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ വെറ്റിലച്ചാൽ ബ്രാഞ്ച് സെക്രട്ടറിയായി ത്രേസ്യാമ്മ ബാബുവും കൈതത്തോട് സെക്രട്ടറിയായി കെ.ആർ സുമയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും ആറളം ഫാമിൽ തൊഴിലാളികളാണ്. മൂന്ന് ദമ്പതികളും ബ്രാഞ്ച് സെക്രട്ടറിമാരായിട്ടുണ്ട്. യുവാക്കളുടെ എണ്ണവും ഗണ്യമായി ഉയർന്നു.