shabna
ശബ്‌നയും ഭർത്താവും കുഞ്ഞും.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെയും കണ്ണൂരിലെയും ആശുപത്രികളിൽ നാലു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി നൊന്തുപെറ്റ കുഞ്ഞിനെ മുലയൂട്ടാനാകാത്ത സങ്കടത്തിൽ ഡോക്ടർമാർക്കെതിരെ നിയമനടപടിക്ക്. മാവുങ്കാൽ പള്ളോട്ടെ ശബ്നയാണ് (30) കാഞ്ഞങ്ങാടിനടുത്തുള്ള സ്വകാര്യാശുപത്രിയിലെ ഡോ. രാഘവേന്ദ്ര പ്രസാദ്, ഡോ. ഗിരിധർ റാവു എന്നിവരിൽ നിന്ന് നീതി തേടി കാസർകോട് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ കേസ് ഫയൽചെയ്തത്. മാനസിക-ശാരീരിക പ്രയാസത്തിന് 60 ലക്ഷം നഷ്ടപരിഹാരമായി വേണമെന്നാണ് യുവതിയുടെ ആവശ്യം.

വിവാഹം കഴിഞ്ഞ് പത്താം വർഷം ഗർഭിണിയായ ശബ്‌നയുടെ പ്രസവം കാഞ്ഞങ്ങാടിനടുത്ത പ്രദേശത്തെ സ്വകാര്യാശുപത്രിയിലായിരുന്നു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു സീസേറിയൻ വഴി കുഞ്ഞിനെ പുറത്തെടുത്തത്. പിറ്റേന്നാൾ വേദന അനുഭവപ്പെട്ട ശബ്‌നയെ വീണ്ടും ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി. ഒരുചെറിയ ഓപ്പറേഷൻ മാത്രമാണ് എന്നാണ് ഡോക്ടർമാർ ശബ്‌നയുടെ ഭർത്താവ് ഷാനിദാസിനെ അറിയിച്ചത്. എന്നാൽ ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് യുവതിയെ നാലുമണിക്കൂറിന് ശേഷമാണ് പുറത്തെത്തിച്ചത്. ഇതിനു ശേഷവും വേദനയ്ക്ക് ശമനമില്ലാതെ വന്നതിനെ തുടർന്ന് ശബ്‌നയെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെയും രണ്ട് ശസ്ത്രക്രിയ വേണ്ടിവന്നു. തുടർച്ചയായ ശസ്ത്രക്രിയയും മരുന്നും കാരണം ശബ്‌നയിൽ പാൽചുരത്താനുള്ള ശേഷി നഷ്ടപ്പെട്ടതായി കണ്ണൂരിലെ ഡോക്ടർമാർ അറിയിച്ചു. കാഞ്ഞങ്ങാട്ടെ ചികിത്സയിൽ വന്ന പിഴവാണ് ശബ്‌നയ്ക്ക് വേദന അനുഭവപ്പെടാൻ കാരണമെന്നും കണ്ണൂരിലെ ഡോക്ടർമാർ അറിയിച്ചതായി ഇവർ പറയുന്നു. സീസേറിയനിൽ ആന്തരികാവയവത്തിന് അബദ്ധത്തിൽ ഉണ്ടായ മുറിവാണ് വില്ലനായത്. കഷ്ടിച്ചാണ് യുവതിയുടെ ജീവൻ മടക്കിക്കിട്ടിയതെന്നാണ് ഈ ഡോക്ടർമാർ ഇവരോട് വെളിപ്പെടുത്തിയത്.

ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസും
ശബ്നയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ചികിത്സിച്ച ഡോക്ടർമാർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശബ്നയുടെ ഭർത്താവ് ഷാനിദാസിന്റെ പരാതിയിലാണ് ഇരു ഡോക്ടർമാരെയും പ്രതി ചേർത്ത് കേസെടുത്തത്. ഇതിന്മേൽ അന്വേഷണം പൂർത്തിയായി വരികയാണെന്ന് ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു. വൈകാതെ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. ഉപഭോക്തൃതർക്ക പരിഹാരഫോറത്തിലെ കേസ് വിചാരണാഘട്ടത്തിലാണിപ്പോൾ.