road
നീലേശ്വരം - ഇടത്തോട് റോഡ്

നീലേശ്വരം: ഏറെ നാളത്തെ മുറവിളിക്ക് വിരാമമിട്ടു കൊണ്ട് നീലേശ്വരം - ഇടത്തോട് റോഡ് പ്രവൃത്തി പുനരാരംഭിക്കാൻ ഉത്തരവായി. 13.125 കി.മി ദൂരമുള്ള റോഡിന് 42.10 കോടി വകയിരുത്തിയുള്ള നവീകരണം 2020 സെപ്തംബറിൽ പൂർത്തിയാക്കണമെന്ന കരാർ ഗുണനിലവാരം കുറവായതിന്റെ പേരിൽ നിർത്തിവച്ചിരിക്കുകയായിരുന്നു. ഇതുവഴിയുള്ള യാത്ര തീർത്തും ദുരിതപൂർണമായതിനെ തുടർന്ന് കടുത്ത പ്രതിഷേധം ഉടലെടുത്ത പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഇടപെടൽ.

സ്റ്റോപ്പ് മെമ്മോ നീക്കി 2022 ജൂൺ 30 ന് പ്രവൃത്തി പൂർത്തീകരിക്കാൻ കർശനനിർദ്ദേശമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. നിർമ്മാണത്തിന് തടസമായി നിന്ന നീലേശ്വരം മേല്പാലം മുതൽ താലൂക്ക് ആശുപത്രി വരെ സ്ഥലമുടമകളുടെ നഷ്ടപരിഹാര വിഷയത്തിലും തീരുമാനമായിട്ടുണ്ട്. 10.80 കോടിയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടര വർഷമായി അറ്റകുറ്റപ്പണി നടക്കാത്ത റോഡിലൂടെ കാൽനട പോലും ദുസഹമായ അവസ്ഥയാണ്. ഇരുചക്രവാഹനങ്ങളിൽ പോയ നിരവധി പേർക്ക് വീണ് പരിക്കേറ്റിട്ടുണ്ട്. മലയോരമേഖലയിലേക്കുള്ള പ്രധാന പാതയായതിനാൽ ബസുകളടക്കമുള്ള വാഹനങ്ങൾ ഏറെ നഷ്ടം സഹിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. ചോയ്യങ്കോട് മുതൽ കോൺവെന്റ് വളവ് വരെ നിലവിൽ റോഡ് ഇല്ലാത്ത അവസ്ഥയാണ്. സ്വകാര്യവാഹനങ്ങൾ ചായ്യോം ബങ്കളം റോഡിനെയും പയ്യന്നൂരിലേക്ക് പോകേണ്ടവർ കയ്യൂർ - ചെറുവത്തൂർ റോഡിനെയുമാണ് ഇതുമൂലം ആശ്രയിക്കുന്നത്.