veli

ഇരിട്ടി: കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര പരിഹാരമായി വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിൽ സോളാർ ഹാംഗിംഗ് ഫെൻസിംഗ് (സൗരോർജ്ജ തൂക്കുവേലി) സ്ഥാപിക്കാൻ വനം വകുപ്പും ജില്ലാ പഞ്ചായത്തും കൈകോർക്കുന്നു. ഒക്ടോബർ 15നകം പഞ്ചായത്ത് തല യോഗം ചേർന്ന് 20ന് ഡി.പി.ആർ സമർപ്പിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർദ്ദേശം നൽകി. കാട്ടാനയുടെ ആക്രമണത്തിൽ മരണവും അപകടങ്ങളും കൃഷിനാശവും നിത്യസംഭവമാകുന്ന സാഹചര്യത്തിൽ വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പയ്യാവൂർ പഞ്ചായത്തിലെ വനാതിർത്തി പങ്കിടുന്ന ഭാഗങ്ങളിൽ പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഇരിക്കൂർ ബ്ലോക്കും സംയുക്തമായി 34 ലക്ഷം രൂപ ചെലവഴിച്ച് ആറു കിലോമീറ്റർ ചുറ്റളവിൽ ഹാംഗിംഗ് ഫെൻസിംഗ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി ഒക്ടോബർ അവസാനത്തോടെ ജനകീയ പങ്കാളിത്തത്തിൽ 16 കി.മീ വനാതിർത്തിയിലെ കാടുമൂടിയ ഭാഗങ്ങൾ വെട്ടിത്തെളിക്കും.

ആറളം പുനരധിവാസ മേഖലയിൽ 10.5 കിലോമീറ്റർ ആനമതിലിന് എസ്.ടി ഫണ്ടിൽ നിന്നും 22 കോടിയും 3.5 കിലോമീറ്റർ റെയിൽ വേലി നിർമ്മിക്കുന്നതിന് പി.ഡബ്ല്യു.ഡിക്ക് 11 കോടിയും കൈമാറിയിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ യു.പി ശോഭ, അഡ്വ. കെ.കെ. രത്‌നകുമാരി, സെക്രട്ടറി വി. ചന്ദ്രൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ് കുമാർ, അസി. ഫോറസ്റ്റ് കൺസർവേറ്റർ വി. രാജൻ എന്നിവർ പങ്കെടുത്തു.

ഹാംഗിംഗ് ഫെൻസിംഗ്

ആനകളെ പ്രതിരോധിക്കുന്നതിന് ഫലപ്രദം

ആനമതിൽ നിർമ്മിക്കുന്നതിനേക്കാൾ ചെലവ് കുറവ്

കാല തടസമില്ലാതെ നിർമ്മിക്കാൻ കഴിയും.

അറ്റകുറ്റപ്പണികൾ തൊഴിലുറപ്പ് പദ്ധതിയിൽ നടത്താം

ആറളം ഫാമിൽ പലർക്കായി പതിച്ചു നൽകിയ സ്ഥലങ്ങളിൽ പലതും ഉപയോഗശൂന്യമാണ്. കാടുമൂടി കിടക്കുന്ന ഇവിടെയാണ് ആനകൾ തമ്പടിച്ചിരിക്കുന്നത്. കളക്ടറുമായി ചർച്ച ചെയ്ത് ഇത്തരം സ്ഥലങ്ങൾ ഏറ്റെടുത്ത് കാടുവെട്ടിത്തെളിക്കുന്ന കാര്യം ആലോചിക്കണം. കാട്ടുമൃഗങ്ങളെ തുരത്തുന്നതിന് മറ്റ് സേനകളുടെ സഹായം ഉണ്ടാകണം

വനം വകുപ്പ് ഉദ്യോഗസ്ഥർ