കണ്ണൂർ: ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുന്ന കൊവിഡ് രോഗികൾക്ക് ആദ്യ ദിവസങ്ങളിൽ തന്നെ മോണോ ക്ലോണൽ ആന്റിബോഡി ചികിത്സ നൽകുന്നത് രോഗം ഗുരുതരമാകുന്നത് തടയുമെന്ന് കണ്ണൂർ ജിംകെയർ ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ദ്ധൻ ഡോ. ടി.പി. രാകേഷും ശ്വാസകോശ രോഗ വിദഗ്ദ്ധൻ ഡോ. മുജീബ് റഹ്മാനും. കൊവിഡ് ന്യൂമോണിയ ബാധിച്ച് രോഗിയുടെ ഓക്‌സിജൻ ലെവൽ താഴുന്നതിനു മുമ്പുതന്നെ വൈറസ് ലോഡ് കുറയ്ക്കാനായാൽ അത്യാഹിത വിഭാഗത്തിലെത്താതെ രോഗികളെ രക്ഷിക്കാമെന്നും ഇവർ പറഞ്ഞു.
അവർ പറയുന്നു
ആന്റിബോഡി ചികിത്സ വൈറൽ ലോഡ് കുറക്കാൻ ഏറെ സഹായകമാണ്. ആദ്യ രണ്ട് തരംഗങ്ങളുടെ സമയത്ത് ഇത്തരം ചികിത്സകൾക്കുള്ള മാർഗനിർദേശങ്ങൾ ഡോക്ടർമാരുടെ മുന്നിലുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മോണാക്ലോണൽ ആന്റിബോഡി തെറാപ്പി പോലെയുള്ള ചികിത്സാരീതികൾ വന്നു കഴിഞ്ഞു. വൃക്ക, കരൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ, അമിതവണ്ണം എന്നിവയുള്ളവരെയും രോഗപ്രതിരോധ ശേഷി കുറവുള്ളവരെയുമാണ് ഹൈ റിസ്‌ക് കാറ്റഗറിയായി പരിഗണിക്കുന്നത്. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഹൈറിസ്‌ക് കാറ്റഗറിക്കാർക്ക് മുൻകരുതൽ എന്ന നിലയിൽ ഈ മരുന്ന് ഉപയോഗിക്കാൻ സാധിക്കും. കൊവിഡും ആന്റിബോഡി ചികിത്സയും എന്ന വിഷയത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.